വാര്‍ഡ് പുനര്‍വിഭജനം; മുസ് ലിം ലീഗ് സുപ്രിം കോടതിയില്‍; തടസഹരജിയുമായി സര്‍ക്കാരും

Update: 2025-03-03 17:41 GMT

ന്യൂഡല്‍ഹി: 2011-ലെ സെന്‍സസ് ഡാറ്റയുടെ അടിസ്ഥാനത്തില്‍, തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനത്തിന് സര്‍ക്കാരിന് അധികാരമുണ്ടെന്ന കേരള ഹൈക്കോടതി വിധിക്കെതിരേ മുസ്ലിം ലീഗ് സുപ്രിം കോടതിയെ സമീപിച്ചു. കോഴിക്കോട് ജില്ലയിലെ വിവിധ മുന്‍സിപ്പാലിറ്റികളിലെ ആറ് ലീഗ് നേതാക്കളാണ് സുപ്രിം കോടതിയില്‍ ഹരജി ഫയല്‍ചെയ്തത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

2011-ലെ സെന്‍സസ് ഡാറ്റ കാലഹരണപ്പെട്ടതാണെന്ന് ഹരജിയില്‍ ആരോപിച്ചിട്ടുണ്ട്. ഈ വര്‍ഷം പുതിയ സെന്‍സസ് നടക്കാനിരിക്കെ പഴയ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ വാര്‍ഡ് വിഭജനം നടത്തിയത് തെറ്റാണെന്നാണ് ഹരജിയിലെ ആരോപണം. രാജ്യസഭാംഗം ഹാരിസ് ബീരാന്‍ മുഖേനെയാണ് മുസ്ലിം ലീഗ് നേതാക്കള്‍ സുപ്രിം കോടതിയില്‍ ഹരജി ഫയല്‍ചെയ്തിരിക്കുന്നത്. യുഡിഎഫ് ഭരണത്തിലുള്ള മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയും കേരള ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രിംകോടതിയില്‍ ഹരജി ഫയല്‍ ചെയ്തിട്ടുണ്ട്. അഭിഭാഷകനായ അബ്ദുള്ള നസീഹ് ആണ് ഹരജി ഫയല്‍ ചെയ്തത്. ഹരജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പടുവിക്കും മുന്‍പ് തങ്ങളുടെ വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ തടസഹരജി ഫയല്‍ചെയ്തിട്ടുണ്ട്.

കണ്ണൂരിലെ മട്ടന്നൂര്‍, പാനൂര്‍, ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റികളിലും കോഴിക്കോട്ടെ മുക്കം, കൊടുവള്ളി, പയ്യോളി, ഫറോക്ക് മുനിസിപ്പാലിറ്റികളിലും പാലക്കാട്ടെ പട്ടാമ്പി മുനിസിപ്പാലിറ്റിയിലും കാസര്‍കോട്ടെ പടന്ന പഞ്ചായത്തിലും നടത്തിയ വാര്‍ഡ് വിഭജനം നിയമവിരുദ്ധമെന്ന് കേരള ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍, ഡിവിഷന്‍ ബെഞ്ച് വാര്‍ഡ് പുനര്‍വിഭജനം ശരിവച്ച് ഉത്തരവ് ഇറക്കി. ഇതിനെതിരെയാണ് സുപ്രിം കോടതിയില്‍ അപ്പീല്‍ ഫയല്‍ചെയ്തിരിക്കുന്നത്.




Tags: