വാഗമണ്‍ അപകടം: സുരക്ഷാവീഴ്ച അന്വേഷിക്കുമെന്ന് ടൂറിസം മന്ത്രി

വാഗമണില്‍ സന്ദര്‍ശനം നടത്തിയ അങ്കമാലി മഞ്ഞപ്ര സണ്‍ഡേ സ്‌കൂളിലെ അധ്യാപകരും കുട്ടികളും 'വാലി ക്രോസിങ്' എന്ന ഉപകരണത്തില്‍ കയറിയപ്പോഴാണ് ഇന്ന് ഉച്ചയോടെ അപകടമുണ്ടായത്. ഒരു സമയം ഒരാള്‍ മാത്രം കയറേണ്ട ഈ സാഹസികോപകരണത്തില്‍ 15പേരാണ് ഒരേസമയം കയറിയതെന്നാണ് പ്രാഥമിക വിവരം.

Update: 2019-02-23 16:59 GMT

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ ധനസഹായത്തോടെ നടപ്പാക്കുന്ന ഗവി-വാഗമണ്‍-പത്തനംതിട്ട സര്‍ക്യൂട്ടിന്റെ ഭാഗമായുള്ള അഡ്വഞ്ചര്‍ ടൂറിസം പദ്ധതിയിലെ വാലി ക്രോസിങ് എന്ന ഉപകരണം പൊട്ടിവീണ് സഞ്ചാരികള്‍ക്ക് അപകടം പറ്റിയ സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. കഴിഞ്ഞയാഴ്ച കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഉദ്ഘാടനം ചെയ്ത ഈ പദ്ധതിയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ അടക്കമുള്ളവ പൂര്‍ത്തീകരിക്കാതിരുന്നതിനാല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാന്‍ സംസ്ഥാന ടൂറിസം വകുപ്പ് നിര്‍ദ്ദേശിച്ചിരുന്നില്ല. ഇതുവരെ സംസ്ഥാന ടൂറിസം വകുപ്പിന് പദ്ധതി കൈമാറ്റം ചെയ്തിട്ടുമുണ്ടായിരുന്നില്ല.

പദ്ധതി നിര്‍മ്മാണം നടത്തിയ ഹിന്ദുസ്ഥാന്‍ പ്രീ ഫാബ് എന്ന ഏജന്‍സിയുടെ നിയന്ത്രണത്തിലാണ് നിലവില്‍ അഡ്വഞ്ചര്‍ ടൂറിസത്തിനായി സ്ഥാപിച്ച 11 ഘടകങ്ങളും. വാഗമണില്‍ സന്ദര്‍ശനം നടത്തിയ അങ്കമാലി മഞ്ഞപ്ര സണ്‍ഡേ സ്‌കൂളിലെ അധ്യാപകരും കുട്ടികളും 'വാലി ക്രോസിങ്' എന്ന ഉപകരണത്തില്‍ കയറിയപ്പോഴാണ് ഇന്ന് ഉച്ചയോടെ അപകടമുണ്ടായത്. ഒരു സമയം ഒരാള്‍ മാത്രം കയറേണ്ട ഈ സാഹസികോപകരണത്തില്‍ 15പേരാണ് ഒരേസമയം കയറിയതെന്നാണ് അറിഞ്ഞത്. ഇതേതുടര്‍ന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. സുരക്ഷാ മുന്‍കരുതലുകള്‍ പൂര്‍ത്തിയാക്കാതെ ഇത്തരം സാഹസിക ടൂറിസം ഉപകരണങ്ങളില്‍ പൊതുജനങ്ങളെ പ്രവേശിപ്പിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശം നിലനില്‍ക്കേയാണ് ഈ അപകടമുണ്ടായത്. ഇതില്‍ സുരക്ഷാ വീഴ്ചയുണ്ടായത് ഏത് സാഹചര്യത്തിലാണെന്ന് അന്വേഷിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. സെക്യൂരിറ്റി ജീവനക്കാരുടെ നിര്‍ദ്ദേശം അനുസരിക്കാതിരുന്നതാണോ, അപകട മുന്നറിയിപ്പ് നല്‍കുന്നതില്‍ വീഴ്ച ഉണ്ടായതാണോ എന്നുള്ളതെല്ലാം അന്വേഷിക്കും. 

Tags:    

Similar News