സ്ത്രീധനത്തെ സാമൂഹികവിപത്തായി കാണുന്നതില്‍ പൊതുസമൂഹം പരാജയപ്പെട്ടതാണ് വിസ്മയമാര്‍ ആവര്‍ത്തിക്കാന്‍ കാരണം: എന്‍ഡബ്ല്യുഎഫ്

Update: 2021-06-23 03:36 GMT

കോഴിക്കോട്: സ്ത്രീധനത്തെ സാമൂഹികവിപത്തായി കാണുന്നതില്‍ പൊതുസമൂഹം പരാജയപ്പെട്ടതാണ് വിസ്മയമാര്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് എന്‍ഡബ്ല്യുഎഫ് സംസ്ഥാന സെക്രട്ടറി ടി ഷാഹിന. ഓരോ മരണങ്ങള്‍ക്ക് ശേഷവും ഹാഷ് ടാഗില്‍ അവസാനിക്കുന്ന പ്രതിഷേധങ്ങളാണ് ഇത്തരക്കാരെ പ്രോല്‍സാഹിപ്പിക്കുന്നത്. സ്ത്രീധന മരണങ്ങളുടെ കേസുകള്‍ പോലും കൈകാര്യം ചെയ്യുന്നത് എങ്ങനെയാണെന്ന് പൊതുസമൂഹം അജ്ഞരാണ്.

പെണ്‍കുട്ടികള്‍ വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ ഉന്നതിയില്‍ എത്തുമ്പോള്‍ അവരുടെ വിവാഹ മാര്‍ക്കറ്റ് ഇപ്പോഴും പഴയകാലത്ത് തന്നെയാണ്. ഓരോ സ്ത്രീധന മരണങ്ങളിലും അജ്ഞാതമായതോ, തെളിഞ്ഞതോ ആയ ഒരു സ്ത്രീ സാന്നിധ്യം പ്രകടമാണ്. ഇത്തരം ദുഷ്പ്രവണതകള്‍ക്കെതിരേ പൊതുസമൂഹം ശക്തമായ ജാഗ്രത പാലിക്കണം. പാഠമാവുന്ന ശിക്ഷാനടപടികള്‍ ഇത്തരക്കര്‍ക്കെതിരേ ഉണ്ടാവണം. ഇപ്പോള്‍ കേവലം സസ്‌പെന്‍ഷന്‍ മാത്രമാണ് കിരണിനെതിരേ ഉണ്ടായിട്ടുള്ളത്. ഇയാളെ ജോലിയില്‍നിന്നും പിരിച്ചുവിടണം.

വേട്ടക്കാര്‍ക്കൊപ്പം നിലകൊണ്ടിട്ട് ഇരയെ നിശബ്ദമാക്കുന്ന പതിവ് ശൈലി സര്‍ക്കാര്‍ തിരുത്തപ്പെടേണ്ടത് തന്നെയാണ്. ഇനിയും പുറംലോകം കാണാത്ത എത്രയോ പീഡനങ്ങള്‍ നടക്കുന്നുണ്ട്. ഇതൊക്കെ ധൈര്യപൂര്‍വം പുറത്തുകൊണ്ടുവരാന്‍ സ്ത്രീകളെ സജ്ജമാക്കണം. അതിനായി സര്‍ക്കാരും സ്ത്രീ സംഘടനകളും മുന്‍കൈയെടുക്കണമെന്നും എന്‍ഡബ്ല്യുഎഫ് ആവശ്യപ്പെട്ടു.

Tags: