ലോക്ക് ഡൗണ്‍ ലംഘിച്ച് കടല്‍ക്കുളി; 16 വിദേശികള്‍ക്കും ഹോട്ടല്‍ ഉടമകള്‍ക്കും ജീവനക്കാര്‍ക്കുമെതിരേ കേസ്

കോവളം ലൈറ്റ് ഹൗസ് ബീച്ചില്‍ കഴിഞ്ഞ ദിവസം രാവിലെ ഏഴുമണിയിടെയാണ് നിയന്ത്രണങ്ങള്‍ ലംഘിച്ച് വിദേശികള്‍ കൂട്ടമായി കടലില്‍ ഇറങ്ങിയത്.

Update: 2020-04-15 10:05 GMT

തിരുവനന്തപുരം: കൊവിഡ് 19 ന്റെ വ്യാപനം തടയാനായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കോവളം കടല്‍ത്തീരത്ത് കുളിക്കാനിറങ്ങിയ 16 വിദേശികള്‍ക്കും ഹോട്ടല്‍ ഉടമകള്‍ക്കും ജീവനക്കാര്‍ക്കുമെതിരേ കോവളം പോലിസ് കേസെടുത്തു. സംഭവത്തെക്കുറിച്ച് ബ്യൂറോ ഓഫ് ഇമിഗ്രേഷനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോവളം ലൈറ്റ് ഹൗസ് ബീച്ചില്‍ കഴിഞ്ഞ ദിവസം രാവിലെ ഏഴുമണിയിടെയാണ് നിയന്ത്രണങ്ങള്‍ ലംഘിച്ച് വിദേശികള്‍ കൂട്ടമായി കടലില്‍ ഇറങ്ങിയത്.

ലൈഫ് ഗാര്‍ഡുമാരാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇവരെ കരയ്ക്ക് കയറ്റിയത്. റഷ്യ, യുകെ, കാനഡ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരാണ് രാവിലെ അധികൃതരുടെ കണ്ണുവെട്ടിച്ച് കടല്‍കുളിക്ക് ഇറങ്ങിയത്. ഹോട്ടലില്‍ താമസിക്കുന്ന വിദേശികള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കാത്തത് പോലിസിനെ യഥാസമയം അറിയിക്കാത്തതിന് പകര്‍ച്ചവ്യാധി നിയമം ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് വിദേശികള്‍ താമസിച്ചിരുന്ന അഞ്ച് ഹോട്ടലുകളിലെ ഉടമകള്‍ക്കും ജീവനക്കാര്‍ക്കുമെതിരേ പോലിസ് കേസെടുത്തത്.

ഹോട്ടലുകളുടെ ഒത്താശയോടെയാണ് വിദേശികളെ തീരത്തേക്ക് വിടുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ കോവളത്തെ പല ഹോട്ടലുകളിലായി നൂറോളം വിദേശികളാണ് കഴിയുന്നത്. ഇവരെ പുറത്തുവിടരുതെന്ന് ഹോട്ടലുടമകള്‍ക്ക് കര്‍ശനനിര്‍ദേശം നല്‍കിയിരുന്നെങ്കിലും പാലിക്കപ്പെടാത്ത സാഹചര്യത്തില്‍ കര്‍ശന നടപടികളുമായി മുന്നോട്ടുപോവുമെന്ന് കോവളം പോലിസ് അറിയിച്ചു.

Tags:    

Similar News