കോഴിക്കോട്ട് അസി. എക്‌സിക്യുട്ടീവ് എൻജിനീയറുടെ വീട്ടിൽ റെയ്ഡ്; അനധികൃത പണവും രേഖകളും പിടിച്ചു

തദ്ദേശസ്വയംഭരണ വിഭാഗം കൊണ്ടോട്ടി സബ്ഡിവിഷൻ അസി. എക്സിക്യുട്ടീവ് എൻജിനീയറുടെയും സഹോദരന്റെയും കോഴിക്കോട് കോട്ടൂളിയിലെ വീട്ടിൽ 13 മണിക്കൂർ നീണ്ട വിജിലൻസ് റെയ്ഡ്. ഭൂമിയിടപാടിന്റേതടക്കം എഴുപത് രേഖകളും 51,000 രൂപയും കണക്കിൽപ്പെടാത്ത 84 ഗ്രാം സ്വർണവും കണ്ടെടുത്തു.

Update: 2022-06-30 10:06 GMT

കോഴിക്കോട്: അനധികൃതമായി സ്വത്തുസമ്പാദിച്ച കേസിൽ തദ്ദേശസ്വയംഭരണ വിഭാഗം കൊണ്ടോട്ടി സബ്ഡിവിഷൻ അസി. എക്സിക്യുട്ടീവ് എൻജിനീയറുടെയും സഹോദരന്റെയും കോഴിക്കോട് കോട്ടൂളിയിലെ വീട്ടിൽ 13 മണിക്കൂർ നീണ്ട വിജിലൻസ് റെയ്ഡ്. ഭൂമിയിടപാടിന്റേതടക്കം എഴുപത് രേഖകളും 51,000 രൂപയും കണക്കിൽപ്പെടാത്ത 84 ഗ്രാം സ്വർണവും കണ്ടെടുത്തു. അസി. എക്സിക്യുട്ടീവ് എൻജിനീയർ സന്തോഷ്‌ കുമാറിന്റെ കോട്ടൂളി കുന്നത്ത് ഹൗസിലും കൊണ്ടോട്ടിയിലെ ഓഫീസിലും തൊട്ടടുത്തുള്ള സഹോദരന്റെ വീട്ടിലുമാണ് കോഴിക്കോട് വിജിലൻസ് സ്പെഷ്യൽ സെൽ ഡിവൈഎസ്പി സി ശ്രീകുമാറിന്റെ നേതൃത്വത്തിൽ ഒരേസമയം പരിശോധന നടന്നത്.

കോട്ടൂളിയിലെ വീട്ടിൽ രാവിലെ ഏഴുമണിക്ക് തുടങ്ങിയ റെയ്ഡ് രാത്രി എട്ടിനാണ് അവസാനിച്ചത്. സഹോദരന്റെ വീട്ടിൽനടത്തിയ പരിശോധനയിൽ മൂന്നുലക്ഷം രൂപ കണ്ടെത്തിയെങ്കിലും പിടിച്ചെടുത്തിട്ടില്ല. അതിന്റെ സ്രോതസ്സ് വിജിലൻസ് സംഘം പരിശോധിച്ചുവരികയാണ്. സഹോദരന്റെ വീട്ടിൽനിന്ന് രണ്ടുരേഖകൾ മാത്രമാണ് പിടിച്ചെടുത്തത്. ബാക്കി രേഖകൾ മുഴുവൻ സന്തോഷ്‌ കുമാറിന്റെ വീട്ടിൽ നിന്നുതന്നെയാണ് കണ്ടെടുത്തത്.

സന്തോഷ്‌കുമാർ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് നേരത്തേ വിജിലൻസിന് പരാതി ലഭിച്ചിരുന്നു. പ്രാഥമികാന്വേഷണത്തിൽ പരാതി സത്യമാണെന്നു കണ്ടെത്തിയതോടെയാണ് റെയ്ഡ് നടത്തിയത്. രാമനാട്ടുകര, ഫറോക്ക് മുനിസിപ്പാലിറ്റികളിൽ ജോലിചെയ്യുന്ന സമയത്തെല്ലാം ഇയാൾക്കെതിരേ പരാതികളുയർന്നിരുന്നു. കോഴിക്കോട് വിജിലൻസ് യൂനിറ്റും ഇയാൾക്കെതിരേ നേരത്തേ അന്വേഷണം നടത്തിയിട്ടുണ്ട്. ഏറെക്കാലമായി വിജിലൻസിന്റെ നിരീക്ഷണത്തിലാണിയാൾ.

കണ്ടെത്തിയ രേഖകളിൽ ഭൂമിയിടപാടിന്റേതിന് പുറമേ ബില്ലുകൾ ഉൾപ്പെടെയുള്ളവയുമുണ്ട്. രേഖകൾ വിശകലനം നടത്തിയശേഷം സന്തോഷ്‌ കുമാറിനെ നോട്ടീസ് നൽകി വിളിച്ചുവരുത്തും. ഇൻസ്‌പെക്ടർമാരായ എസ് സജീവ്, ധനേഷ്‌കുമാർ, വി ജോഷി, 20 സബ് ഇൻസ്‌പെക്ടർമാർ എന്നിവരടങ്ങിയ വൻസംഘമാണ് റെയ്ഡിൽ പങ്കെടുത്തത്.

Similar News