കൊച്ചിയിലെ കുഞ്ഞിന്റെ മരണം തലയോട്ടി തകര്‍ന്ന്, കീഴ്ത്താടി പൊട്ടി

Update: 2024-05-03 16:20 GMT

കൊച്ചി: കൊച്ചിയിലെ ഫ്ളാറ്റില്‍നിന്ന് പ്രസവിച്ചയുടന്‍ മാതാവ് റോഡിലേക്ക് വലിച്ചെറിഞ്ഞ നവജാതശിശു മരിച്ചത് തലയോട്ടി തകര്‍ന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക കണ്ടെത്തല്‍. ഫ്ളാറ്റില്‍നിന്നും കുഞ്ഞിനെ താഴേക്ക് എറിഞ്ഞപ്പോഴാണ് കുഞ്ഞിന്റെ തലയോട്ടി തകര്‍ന്നതെന്നും ശരീരത്തിലാകെ ബലപ്രയോഗം നടത്തിയതിന്റെ പാടുകള്‍ ഉള്ളതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

തലയോട്ടിക്കേറ്റ പരിക്കാണ് കുട്ടിയെ മരണത്തിലേക്ക് നയിച്ചത് എന്നാണ് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ പോലിസിന് നല്‍കിയ വിവരം. ഫ്ളാറ്റിന്റെ അഞ്ചാം നിലയില്‍നിന്ന് കുട്ടിയെ കവറില്‍ പൊതിഞ്ഞ് താഴേക്ക് എറിഞ്ഞപ്പോള്‍ ഉണ്ടായ ആഘാതത്തിലായിരിക്കാം തലയോട്ടി തകര്‍ന്നിട്ടുള്ളത്. പ്രസവത്തിന് ശേഷം, കുഞ്ഞിന്റെ ശരീരമാസകലം ബലപ്രയോഗം നടത്തിയതിന്റെ ലക്ഷണവുമുണ്ട്. കുഞ്ഞിന്റെ കീഴ്ത്താടിക്ക് പൊട്ടലേറ്റതായും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പോലിസ് കടന്നേക്കും. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികളിലേക്ക് കടക്കാനാണ് പോലിസ് ഒരുങ്ങുന്നത്. പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയത് ആര് എന്ന് കണ്ടെത്താനുള്ള ശ്രമവും പോലിസിന്റെ ഭാഗത്ത് ശ്രമങ്ങള്‍ നടക്കുന്നുണ്ട്. പീഡനം നടന്നിട്ടുണ്ട് എന്ന നിഗമനത്തിലാണ് പോലിസ്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ഒരാളാണ് ഇതിന് പിന്നില്‍ എന്നാണ് പോലിസിന് ലഭിച്ചിരിക്കുന്ന വിവരം. ആ വഴിക്കും പോലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ട്.