വ്യാപാരസ്ഥാപനങ്ങളുടെ മുന്നിലെ പാര്‍ക്കിങ് ജനങ്ങള്‍ക്ക് റോഡില്‍ പ്രവേശിക്കാനുള്ള അവകാശത്തിന്റെ ലംഘനമെന്നു ഹൈക്കോടതി

ഭൂവുടമകള്‍ക്ക് റോഡിനോട് ചേര്‍ന്നു കിടക്കുന്ന ഭൂമിയിലേക്ക് കയറാന്‍ അവകാശമുണ്ടെന്നു കോടതി വ്യക്തമാക്കി. പാര്‍ക്കിങിന്റെ പേരില്‍ ഭുവുടമകള്‍ക്ക് പ്രവേശനം നിഷേധിക്കാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി

Update: 2019-04-27 01:53 GMT

കൊച്ചി: വ്യാപാരസ്ഥാപനങ്ങളുടെ മുന്‍പിലെ പാര്‍ക്കിങ് ജനങ്ങള്‍ക്ക് റോഡില്‍ പ്രവേശിക്കാനുള്ള അവകാശത്തിന്റെ ലംഘനമെന്നു ഹൈക്കോടതി. കൊല്ലം ജില്ലയിലെ തേവലക്കര പഞ്ചായത്തിലെ പടപ്പനാല്‍ കവലയിലെ ഓട്ടോറിക്ഷാ പാര്‍ക്കിങ് മാറ്റണമെന്നാവശ്യപ്പെട്ടു എം നൗഷാദ് സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്. അനധികൃത പാര്‍ക്കിങ് സംബന്ധിച്ചു പോലിസിനു പരാതിയ നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്. വാഹനവകുപ്പിന്റെ അനുമതിയുണ്ടെന്നു ഓട്ടോറിക്ഷക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. എന്നാല്‍ ഭൂവുടമകള്‍ക്ക് റോഡിനോട് ചേര്‍ന്നു കിടക്കുന്ന ഭൂമിയിലേക്ക് കയറാന്‍ അവകാശമുണ്ടെന്നു കോടതി വ്യക്തമാക്കി. പാര്‍ക്കിങിന്റെ പേരില്‍ ഭുവുടമകള്‍ക്ക് പ്രവേശനം നിഷേധിക്കാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി. അനധികൃത പാര്‍ക്കിങ് ഒഴിവാക്കി വ്യാപാരത്തിനു തടസമുണ്ടാകുന്നില്ലെന്നു ഉറപ്പുവരുത്തണമെന്നു പോലിസിനു കോടതി നിര്‍ദ്ദേശം നല്‍കി. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുണ്ടാക്കി ഓട്ടോറിക്ഷ പാര്‍ക്കിങിനു സ്്ഥലം കണ്ടെത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. 

Tags: