യുവതികള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച മൊബൈല്‍ ഷോപ്പ് ജീവനക്കാരന്‍ പിടിയില്‍

മൊബൈല്‍ നമ്പര്‍ ഉടമയെ പോലിസ് ബന്ധപ്പെട്ടപ്പോള്‍ അവര്‍ അരീക്കോട് ഷോപ്പില്‍ വിറ്റ ഫോണിലുണ്ടായിരുന്ന സിമ്മാണിതെന്ന് കണ്ടെത്തി.

Update: 2020-05-09 10:00 GMT

കോഴിക്കോട്: യുവതികള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കുന്ന മൊബൈല്‍ ഷോപ്പ് ജീവനക്കാരന്‍ പിടിയില്‍. മുക്കം ഓടക്കയം സ്വദേശി പാറടിയില്‍ കെല്‍വിന്‍ ജോസഫി(22) നെ വഴിക്കടവ് എസ്‌ഐ ബിനു ബി എസ് അറസ്റ്റ് ചെയ്തു. പ്രതി ജോലി ചെയ്യുന്ന അരീക്കോട് ടൗണിലെ ഫോറിന്‍ ബസാറിലെ മൊബൈല്‍ ഷോപ്പില്‍ 2020 ജനുവരിയില്‍ അരീക്കോട് ഉഗ്രപുരം സ്വദേശിയായ നേസന്‍ എന്നയാള്‍ വില്‍പ്പന നടത്തിയ ഫോണിലുണ്ടായിരുന്ന സിം കാര്‍ഡ് പ്രതി രഹസ്യമായി സൂക്ഷിച്ച് വെച്ചാണ് കഴിഞ്ഞ ഏപ്രില്‍ 14 ന് മഞ്ചേരിയില്‍ നിന്ന് വഴിക്കടവിലേക്ക് വിവാഹം ചെയ്തയച്ച യുവതിയുടെ ഫോണിലേക്ക് വാട്‌സാപ്പ് വഴി അശ്ലീല സന്ദേശമയച്ചത്.

സന്ദേശം വന്ന ഫോണ്‍ നമ്പറിലേക്ക് യുവതിയുടെ ബന്ധുക്കള്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. വഴിക്കടവ് പോലിസില്‍ യുവതി പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് വലയിലായത്. കടയില്‍ നിന്നും ഉടമയറിയാതെ രഹസ്യമായി കൈവശം വെച്ച മറ്റൊരു യുവതിയുടെ സിം നമ്പര്‍ ഉപയോഗിച്ച് മറ്റൊരു ഫോണില്‍ തുടങ്ങിയ വാട്‌സാപ്പ് അക്കൗണ്ടില്‍ നിന്നാണ് യുവതികള്‍ക്ക് സന്ദേശമയച്ചിരുന്നത്.

മൊബൈല്‍ നമ്പര്‍ ഉടമയെ പോലിസ് ബന്ധപ്പെട്ടപ്പോള്‍ അവര്‍ അരീക്കോട് ഷോപ്പില്‍ വിറ്റ ഫോണിലുണ്ടായിരുന്ന സിമ്മാണിതെന്ന് കണ്ടെത്തി. എന്നാല്‍ കടക്കാരന്‍ ഇക്കാര്യം നിഷേധിച്ചതോടെ മലപ്പുറം സൈബര്‍ സെല്ലിന്റെ സഹായത്തോടെ വഴിക്കടവ് പോലിസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ഷോപ്പ് ജീവനക്കാരനായ കെല്‍വിന്‍ പിടിയിലായത്.

പരാതിക്കാരിയുടെ സഹപാടിയായിരുന്നു പ്രതിയെന്ന് തിരിച്ചറിഞ്ഞത് സ്‌റ്റേഷനില്‍ വെച്ച് കണ്ടപ്പോഴായിരുന്നു. വിവാഹം ക്ഷണിക്കാനായി യുവതി യുവാവിനെ വിളിച്ച നമ്പര്‍ സൂക്ഷിച്ച യുവാവ് യുവതി അറിയാതെ അഗ്ലീല ചാറ്റിങ്ങിലൂടെ യുവതിയെ ചതിയില്‍ വീഴ്ത്താനുള്ള ശ്രമമാണ് പോലീസ് അന്വേഷണത്തില്‍ പൊളിഞ്ഞത്. പ്രതി ഇതു പോലെ പല സ്ത്രീ കളുടെ മൊബൈലിലേക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട് എന്ന് അനേഷണത്തില്‍ നിന്നും പോലിസിന് മനസ്സിലായി. കേസടുത്ത പ്രതിയെ രക്ഷിതാക്കളുടെ ജാമ്യത്തില്‍ വിട്ടയച്ചു. അഡിഷണല്‍ എസ്‌ഐ എം അസൈനാര്‍, സിപിഒ പ്രശാന്ത് കുമാര്‍ എന്നിവരായിരുന്നു അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. 

Tags:    

Similar News