കുമ്മനം സ്ഥാനാര്‍ഥിയാവുമെന്ന് രാജഗോപാല്‍ പ്രഖ്യാപിച്ചത് ശരിയായില്ലെന്ന് ശ്രീധരന്‍പിള്ള

രാജഗോപാലിനെ വേദിയിലിരുത്തിയാണ് പ്രസംഗത്തിനിടെ ശ്രീധരന്‍പിള്ള ഇക്കാര്യം പറഞ്ഞത്. അതേസമയം, രാജഗോപാലിന്റെ പേരെടുത്ത് പറയാതെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

Update: 2019-10-01 16:17 GMT

തിരുവനന്തപുരം: വട്ടിയൂര്‍കാവില്‍ കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ഥിയാവുമെന്ന് മാധ്യമങ്ങളോട് പറഞ്ഞ ഒ രാജഗോപാലിന്റെ നടപടിയെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് ബിജെപി പാലമെന്ററി ബോര്‍ഡ് ചേര്‍ന്ന് തീരുമാനമെടുക്കുന്നതിനു മുമ്പ് കുമ്മനത്തിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത് ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജഗോപാലിനെ വേദിയിലിരുത്തിയാണ് പ്രസംഗത്തിനിടെ ശ്രീധരന്‍പിള്ള ഇക്കാര്യം പറഞ്ഞത്. അതേസമയം, രാജഗോപാലിന്റെ പേരെടുത്ത് പറയാതെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. വട്ടിയൂര്‍കാവില്‍ ബിജെപി മല്‍സരിക്കുമെന്നും കുമ്മനം രാജശേഖരനാണ് സ്ഥാനാര്‍ഥിയെന്നുമായിരുന്നു രാജഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.

വട്ടിയൂര്‍ക്കാവില്‍ വിജയപ്രതീക്ഷയുണ്ടെന്നും അടുത്ത ദിവസംതന്നെ പ്രചാരണം തുടങ്ങുമെന്നും രാജഗോപാല്‍ വ്യക്തമാക്കി. എന്നാല്‍, അദ്ദേഹത്തിന്റെ ഈ അറിയിപ്പ് വന്ന് 24 മണിക്കൂറിനകം മണ്ഡലത്തില്‍ കുമ്മനത്തിന് പകരം ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കൂടിയായ എസ് സുരേഷിനെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു. കുമ്മനം സ്ഥാനാര്‍ഥിയാവുമെന്ന രാജഗോപാലിന്റെ പ്രഖ്യാപനത്തിന് പിന്നാലെ മണ്ഡലത്തില്‍ പ്രചാരണവും ആരംഭിച്ചിരുന്നു. എന്നാല്‍, ജില്ലാ കമ്മിറ്റി ഇടപെട്ട് പിന്നീട് പ്രചാരണം നിര്‍ത്തിവയ്ക്കുകയായിരുന്നു. കുമ്മനത്തെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആര്‍എസ്എസ്സാണ് ആവശ്യപ്പെട്ടത്. എന്നാല്‍, കുമ്മനം മല്‍സരിക്കുന്നതിനെതിരേ ബിജെപിയിലെ ഒരുവിഭാഗം രംഗത്തെത്തിയതോടെ ബിജെപി പുനപ്പരിശോധനയ്ക്ക് തയ്യാറാവുകയായിരുന്നു.  

Tags:    

Similar News