വാരിയന്‍കുന്നത്തിന്റെ സിനിമയെ ഭയക്കുന്നത് സാമ്രാജ്യത്വത്തിന്റെ ദല്ലാളുകള്‍: ചക്കിപ്പറമ്പന്‍ ഫാമിലി അസോസിയേഷന്‍

ഖിലാഫത്ത് സമരത്തെ ബ്രിട്ടീഷുകാര്‍ക്ക് ഒറ്റിക്കൊടുത്ത കങ്കാണിമാരുടെ പിന്‍തലമുറയാണ് ഇപ്പോള്‍ ഖിലാഫത്ത് സമരത്തിനും വാരിയന്‍കുന്നത്തിനുമെതിരേ വ്യാജപ്രചാരണവുമായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. ഗാന്ധിജിയെ വധിച്ചവരുടെ സാക്ഷ്യപത്രം രാജ്യത്തിന് വേണ്ടി രക്തസാക്ഷിയായ വാരിയന്‍കുന്നത്തിനും അവരുടെ കുടുംബത്തിന്നും ആവശ്യമില്ല.

Update: 2020-06-28 12:06 GMT

മലപ്പുറം: വാരിയന്‍കുന്നത്തിന്റെ സിനിമയെ ഭയക്കുന്നത് സാമ്രാജ്യത്വത്തിന്റെ ദല്ലാളുകളാണെന്ന് ചക്കിപ്പറമ്പന്‍ ഫാമിലി അസോസിയേഷന്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബകൂട്ടായ്മയായ ചക്കിപ്പറമ്പന്‍ ഫാമിലി അസോസിയേഷന്‍. മലബാറിലെ ബ്രിട്ടീഷ് വിരുദ്ധ സമരത്തില്‍ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന്റെ പേരിലുള്ള ഒടുങ്ങാത്ത പകയാണ് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും അദ്ദേഹത്തിന്റെ കുടുംബത്തെക്കുറിച്ചും നിറംപിടിപ്പിച്ച കഥകളുണ്ടാക്കി ചരിത്രനിര്‍മിതി നടത്താന്‍ ബ്രിട്ടീഷുകാരെ പ്രേരിപ്പിച്ചതെന്നും  ഈ അപസര്‍പ്പക കഥകളെ മുന്‍നിര്‍ത്തിയാണ് വാരിയന്‍കുന്നത്തിന്റെ സിനിമയ്‌ക്കെതിരായുള്ള വര്‍ഗീയശക്തികളുടെ ഒച്ചപ്പാടുകളെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

സ്വന്തം പിതാവിനും കുടുംബത്തിനും ബ്രിട്ടീഷുകാരില്‍നിന്നും നേരിട്ട കൊടിയ മര്‍ദനങ്ങളാണ് വാരിയന്‍കുന്നത്തിലെ അധിനിവേശവിരുദ്ധനായ പോരാളിയെ രൂപപ്പെടുത്തിയതെന്നതാണ് ചരിത്രയാഥാര്‍ഥ്യം. ബ്രിട്ടീഷുകാര്‍ക്കെതിരായുള്ളവാരിയന്‍കുന്നത്തിന്റെ പോരാട്ടത്തില്‍ സാമ്രാജ്യത്വവിരുദ്ധ നിലപാടുള്ള എല്ലാ ജനവിഭാഗങ്ങളും ഒരുമിച്ചുനിന്നതാണ് ചരിത്രം. ഖിലാഫത്ത് സമരത്തെ ബ്രിട്ടീഷുകാര്‍ക്ക് ഒറ്റിക്കൊടുത്ത കങ്കാണിമാരുടെ പിന്‍തലമുറയാണ് ഇപ്പോള്‍ ഖിലാഫത്ത് സമരത്തിനും വാരിയന്‍കുന്നത്തിനുമെതിരേ വ്യാജപ്രചാരണവുമായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. ഗാന്ധിജിയെ വധിച്ചവരുടെ സാക്ഷ്യപത്രം രാജ്യത്തിന് വേണ്ടി രക്തസാക്ഷിയായ വാരിയന്‍കുന്നത്തിനും അവരുടെ കുടുംബത്തിന്നും ആവശ്യമില്ല.

ബ്രിട്ടീഷുകാരെയും അവരുടെ സഹായാത്രികരെയും നിഷ്‌കരുണം നേരിടുന്നതില്‍ വാരിയന്‍കുന്നത്ത് ഒരുതരത്തിലുള്ള വിഭാഗീയതയും കാണിച്ചിട്ടില്ല. ബ്രിട്ടീഷുകാരില്‍നിന്നും പണവും പദവികളും സ്വന്തമാക്കിയ ജന്‍മികളുടെ കൊടിയ ചൂഷണത്തില്‍നിന്നും ജാതീയമായ ഉച്ചനീചത്വങ്ങളില്‍നിന്നും കീഴാളജനതയുടെ രക്ഷതേടലായിരുന്നു ഖിലാഫത്ത് സമരകാലത്തെ മതപരിവര്‍ത്തനങ്ങള്‍. ഈ വസ്തുത മറച്ചുവച്ച് നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന കള്ളപ്രചാരണം നടത്തുന്നതിന്റെ പിന്നില്‍ നിക്ഷിപ്തമായ വര്‍ഗീയ താല്‍പര്യങ്ങള്‍ മാത്രമാണുള്ളത്. സമൂഹത്തില്‍ ഏതുവിധേനയും ചിദ്രതയുണ്ടാക്കുകയെന്നതാണ് സംഘപരിവാറിന്റെ രാഷ്ട്രീയം. സിനിമകള്‍ നിര്‍മിക്കാനുള്ള ഏതൊരാളുടെയും അവകാശത്തെ മാനിക്കുന്നു.

എന്നാല്‍, ചരിത്രവസ്തുതകളെ വളച്ചൊടിച്ചും വക്രീകരിച്ചും കേരളത്തിലും പുറത്തും വിദേശരാജ്യങ്ങളിലുമായി ഇന്നും സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കായ ചക്കിപ്പറമ്പന്‍ കുടുംബാംഗങ്ങളെയും അവരിലെ പൂര്‍വികരായ ചരിത്രപുരുഷന്‍മാരെയും താറടിക്കാനുമുള്ള നീക്കം നീചമാണ്. ഈ സിനിമയുടെ പേരില്‍ ചക്കിപ്പറമ്പന്‍ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം നിയമപരമായി നേരിടും. ഈ സിനിമയുടെ പേരില്‍ പതിറ്റാണ്ടുകളായി നമ്മള്‍ കാത്തുസൂക്ഷിച്ചുവരുന്ന സാമുദായികസൗഹൃദത്തെ ദുര്‍ബലപ്പെടുത്താനുള്ള വര്‍ഗീയശക്തികളുടെ ഹീനമായ ശ്രമത്തെ കരുതിയിരിക്കണമെന്നും ചക്കിപ്പറമ്പന്‍ ഫാമിലി അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍ പറഞ്ഞു. കുടുംബചരിത്രകാരനും സംസ്ഥാന സെക്രട്ടറിയുമായ സി പി ജാഫര്‍ ഈരാറ്റുപേട്ട, ഭാരവാഹികളായ സി പി ഇബ്രാഹിംഹാജി വള്ളുവങ്ങാട്, സി പി കുട്ടിമോന്‍, സി പി ഇസ്മായില്‍, സി പി അബ്ദുല്‍ വഹാബ് എന്നിവര്‍ സംബന്ധിച്ചു. 

Tags: