വാളയാര്‍ കേസില്‍ തെളിവുണ്ടെങ്കില്‍ പുനരന്വേഷണം; പോലിസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ച പരിശോധിക്കും: മന്ത്രി ബാലന്‍

പ്രോസിക്യൂഷന് വീഴ്ചസംഭവിച്ചോയെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ പരിശോധിക്കും. പോലിസ് അന്വേഷണത്തിലെ വീഴ്ച ഡിഐജി അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു. ഡിഐജിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ആവശ്യമെങ്കില്‍ പുനരന്വേഷണം നടത്തുമെന്നും എ കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.

Update: 2019-10-27 17:59 GMT

തിരുവനന്തപുരം: വാളയാര്‍ കേസില്‍ ആവശ്യമെങ്കില്‍ പുനരന്വേഷണം നടത്തുമെന്ന് നിയമമന്ത്രി എ കെ ബാലന്‍. മതിയായ തെളിവുകള്‍ കിട്ടിയാല്‍ പുനരന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറെന്നും മന്ത്രി വ്യക്തമാക്കി. വാളയാര്‍ കേസില്‍ പ്രതികളെ വെറുതെവിട്ട സംഭവത്തില്‍ പ്രോസിക്യൂഷനും അന്വേഷണസംഘത്തിനും വീഴ്ചപറ്റിയെന്ന ആരോപണങ്ങള്‍ ശക്തമായ പശ്ചാത്തലത്തിലാണ് നിയമമന്ത്രിയുടെ പ്രതികരണം. രണ്ടുതലത്തിലുള്ള അന്വേഷണമാവും നടക്കുക. പ്രോസിക്യൂഷന് വീഴ്ചസംഭവിച്ചോയെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ പരിശോധിക്കും. പോലിസ് അന്വേഷണത്തിലെ വീഴ്ച ഡിഐജി അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു. ഡിഐജിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ആവശ്യമെങ്കില്‍ പുനരന്വേഷണം നടത്തുമെന്നും എ കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.

പെണ്‍കുട്ടികള്‍ പീഡനത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലുണ്ടായിരുന്നിട്ടും പ്രതികള്‍ രക്ഷപ്പെടാനിടയായത് പ്രോസിക്യൂഷന്റെയും പോലിസിന്റെയും ഗുരുതരമായ വീഴ്ചയാണെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. യഥാര്‍ഥ പ്രതികളെ സംരക്ഷിക്കാന്‍ അന്വേഷണസംഘം കൂട്ടുനിന്നുവെന്ന ആരോപണവും ശക്തമാണ്. ഇതിനിടെയാണ് കേസില്‍ അപ്പീല്‍ പോവുന്നതിനുള്ള സാധ്യത പോലിസ് പരിശോധിച്ചത്. ഇതിനായി ഗവ. പ്ലീഡര്‍മാരില്‍നിന്ന് നിയമോപദേശവും തേടി. എന്നാല്‍, അപ്പീലിലോ, പോലിസ് അന്വേഷണത്തിലോ വിശ്വാസമില്ലെന്ന് പെണ്‍കുട്ടികളുടെ അമ്മ പ്രതികരിച്ചു. ഒന്നും രണ്ടും പ്രതികള്‍ എല്‍ഡിഎഫുമായി ബന്ധമുള്ളവരാണെന്നും ഈ സ്വാധീനമുപയോഗിച്ചാണ് രക്ഷപ്പെട്ടതെന്നുമാണ് അമ്മ മാധ്യമങ്ങളോട് പറഞ്ഞത്. 

Tags:    

Similar News