വാളയാര്‍ സംഭവത്തിലെ മൗനം; ഡിവൈഎഫ്ഐയ്ക്കെതിരേ 'ലുക്ക് ഔട്ട് നോട്ടീസ്' പതിച്ച് യൂത്ത് കോണ്‍ഗ്രസ്
ഉഗാണ്ട, ചെക്കോസ്ലാവാക്യ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ വിഷയങ്ങളുണ്ടായാല്‍ ഉടന്‍ ഇടപെടാറുള്ള ഡിവൈഎഫ്ഐ നേതാക്കള്‍ വാളയാറില്‍ രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയിട്ടും പ്രതികരിക്കാതെ നാടുവിട്ടിരിക്കുകയാണെന്നാണ് ലുക്ക് ഔട്ട് നോട്ടീസില്‍ പരിഹസിക്കുന്നത്.
തൃശൂര്‍: വാളയാറില്‍ രണ്ട് ദലിത് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി മരിച്ച സംഭവത്തില്‍ പ്രതികരിക്കാന്‍ തയ്യാറാവാത്ത ഡിവൈഎഫ്ഐയ്ക്കെതിരേ 'ലുക്ക് ഔട്ട് നോട്ടീസ്' പതിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. തൃശൂര്‍ സ്വരാജ് റൗണ്ടിലും പരിസരത്തുമാണ് ഡിവൈഎഫ്ഐക്കെതിരേ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നോട്ടീസ് പതിച്ചിരിക്കുന്നത്. ഉഗാണ്ട, ചെക്കോസ്ലാവാക്യ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ വിഷയങ്ങളുണ്ടായാല്‍ ഉടന്‍ ഇടപെടാറുള്ള ഡിവൈഎഫ്ഐ നേതാക്കള്‍ വാളയാറില്‍ രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയിട്ടും പ്രതികരിക്കാതെ നാടുവിട്ടിരിക്കുകയാണെന്നാണ് ലുക്ക് ഔട്ട് നോട്ടീസില്‍ പരിഹസിക്കുന്നത്.
ഒരൊറ്റ ഡിവൈഎഫ്ഐ നേതാവിനെ പോലും കുറച്ചുദിവസമായി നാട്ടില്‍ കാണാനില്ല. ഈ സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറവെടുപ്പിച്ചതെന്ന് യൂത്ത് കോണ്‍ഗ്രസ് പറയുന്നു. ഡിവൈഎഫ്ഐ നേതാക്കളെ എവിടെയങ്കിലും കണ്ടുകിട്ടിയാല്‍ ഉടന്‍ എകെജി സെന്ററില്‍ ഏല്‍പ്പിക്കണമെന്നും നോട്ടീസില്‍ പറയുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുനില്‍ ലാലൂരിന്റെ നേതൃത്വത്തിലാണ് തൃശൂര്‍ നഗരത്തിന്റെ വിവിധയിടങ്ങളില്‍ നോട്ടീസ് പതിച്ചിട്ടുള്ളത്. വാളയാര്‍ കേസിലെ പ്രതികളെ വെറുതെവിട്ടതിനെതിരേ യുവജനസംഘടനകള്‍ വ്യാപകമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടും ഡിവൈഎഫ്ഐ ഒരു പ്രസ്താവന പോലും നടത്താത്തതിനെതിരേ സമൂഹമാധ്യമങ്ങളിലടക്കം വ്യാപകമായ വിമര്‍ശനമാണ് ഉയരുന്നത്. ഇതിനിടയിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിച്ച് വേറിട്ട പ്രതിഷേധമുണ്ടായത്.