നേമത്ത് ഒരുവോട്ടിന് 15,000 രൂപ വരെ ബിജെപി നല്‍കിയെന്ന് വി ശിവന്‍കുട്ടി

Update: 2026-04-10 04:15 GMT

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്ത് ബിജെപി വന്‍തോതില്‍ പണമൊഴുക്കിയെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ശിവന്‍കുട്ടി. പണം കൊണ്ടും മദ്യം കൊണ്ടും തിരഞ്ഞെടുപ്പിനെ നേരിടുന്നവരായി ബിജെപി മാറിയെന്ന് വി ശിവന്‍കുട്ടി വിമര്‍ശിച്ചു. മദ്യം ഒഴുക്കിയതുമായി ബന്ധപ്പെട്ട് നേമം മണ്ഡലത്തിലും കേസുണ്ട്. ഒരു വോട്ടിനു 15,000 രൂപ വീതം നല്‍കിയിട്ടുണ്ട്. ഗൂഗിള്‍ പേ വഴിയാണ് നല്‍കിയത്. ചില സംഘടനകളെ പോലും പണം നല്‍കി വിലയ്‌ക്കെടുത്തുവെന്ന് അദേഹം ആരോപിച്ചു.

ഒരുവോട്ടിന് പതിനയ്യായിരം രൂപ വീതം അവര്‍ നല്‍കി. പണംനല്‍കി സംഘടനകളേയും വിലയ്‌ക്കെടുത്തു. കാറില്‍ പെട്ടികളിലായി പണം കടത്തി. ഇതൊന്നും പോലിസ് അന്വേഷിച്ചില്ല. വാഹനങ്ങളില്‍ വ്യാജനമ്പരാണെന്ന് പോലിസ് പറഞ്ഞു. നേമത്ത് എല്‍ഡിഎഫ് നേരിയ ഭൂരിപക്ഷത്തില്‍ ജയിക്കും. ഭൂരിപക്ഷം അധികമുണ്ടാകില്ല. ഇഞ്ചോടിഞ്ച് പോരാട്ടമാണ്. എന്നാലും ജയിക്കും. ചിലയിടങ്ങളില്‍ ബിജെപി വോട്ടുകള്‍ പിന്നോട്ടു പോയിട്ടുണ്ട്. ഇത് യുഡിഎഫിലേക്കാണെന്ന് സംശയിക്കുന്നെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

മണ്ഡലത്തിലെ വികസനം ജനം ഏറ്റെടുത്തു. ജനങ്ങളുടെ ഇടയില്‍ ഭരണ വിരുദ്ധ വികാരം ഇല്ല. തീരുമാനം എടുത്താല്‍ നടപ്പിലാക്കുന്ന സര്‍ക്കാറാണെന്ന് ജനം മനസ്സിലാക്കിയെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. സാധാരണക്കാര്‍ക്ക് സമീപിക്കാന്‍ കഴിയുന്ന സര്‍ക്കാരാണ് ഇടതുപക്ഷമെന്ന് ജനം തിരിച്ചറിഞ്ഞു. ഇക്കാരണളാല്‍ നേമത്ത് ഇടതു മുന്നണി വിജയിക്കും. വികസനവും രാഷ്ട്രീയവും ചര്‍ച്ച ചെയ്യാന്‍ യുഡിഎഫിനും ബിജെപിക്കും ഭയം ആയിരുന്നുവെന്നും യുഡിഎഫിനെ ജനങ്ങള്‍ക്ക് വിശ്വാസമില്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

Tags: