അശാസ്ത്രീയ മല്‍സ്യബന്ധനം: വള്ളങ്ങളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു

കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഫിഷറീസ്, എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗങ്ങള്‍ വേഷം മാറിയെത്തി നടത്തിയ തിരച്ചിലിനിടയിലാണ് സഹായ മാത, ജീസസ് എന്നീ ഫൈബര്‍ വള്ളങ്ങളും ഉപകരണങ്ങളും കസ്റ്റഡിയിലെടുത്തത്.

Update: 2019-11-17 14:35 GMT

പയ്യോളി: അശാസ്ത്രീയമായ രീതിയില്‍ മല്‍സ്യബന്ധനം നടത്തിയ വള്ളങ്ങളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു. പയ്യോളി കൊളാവിപ്പാലം കടലോരത്തുനിന്നാണ് അശാസ്ത്രീയ പാരുപയോഗിച്ച് മീന്‍പിടിക്കാനുള്ള ശ്രമത്തിനിടയില്‍ തമിഴ്‌നാട് കുളച്ചില്‍ സ്വദേശികളുടെ വള്ളങ്ങളും ഉപകരണങ്ങളും പിടികൂടിയത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഫിഷറീസ്, എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗങ്ങള്‍ വേഷം മാറിയെത്തി നടത്തിയ തിരച്ചിലിനിടയിലാണ് സഹായ മാത, ജീസസ് എന്നീ ഫൈബര്‍ വള്ളങ്ങളും ഉപകരണങ്ങളും കസ്റ്റഡിയിലെടുത്തത്.

തിക്കോടി പയ്യോളി മേഖലയില്‍ അശാസ്ത്രീയ രീതിയില്‍ മീന്‍പിടിത്തം നടത്തുന്നതായി പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു തിരച്ചില്‍. ഇതെത്തുടര്‍ന്ന് വള്ളങ്ങളും ഉപകരണങ്ങളും നേരത്തെ പിടിച്ചെടുത്തിരുന്നു. അശാസ്ത്രീയ മല്‍സ്യബന്ധനം നിര്‍ത്തലാക്കണമെന്ന് കാണിച്ച് ആര്‍ഡിഒ പ്രത്യേക യോഗവും വിളിച്ചിരുന്നു. ഇതൊന്നും വകവയ്ക്കാതെ മീന്‍പിടിത്തം തുടര്‍ന്നപ്പോഴാണ് പ്രത്യേക പെട്രോളിങ് നടത്തി ഇവരെ പിടികൂടിയത്. കടലിന്റെ ആവാസവ്യവസ്ഥയ്ക്ക് കോട്ടംപറ്റുന്ന രീതിയില്‍ തെങ്ങിന്‍ കുലച്ചില്‍, മണല്‍ചാക്ക്, പ്ലാസ്റ്റിക് കുപ്പികള്‍, കയറുകള്‍ എന്നിവ കടലില്‍ വിതറിയാണ് മല്‍സ്യബന്ധനം നടത്തുന്നത്.

അയക്കൂറ, കൂന്തള്‍ എന്നീ മല്‍സ്യങ്ങളാണ് ഇവ ഉപയോഗിച്ച് കൂടുതലും പിടിക്കുന്നത്. ഇവരുടെ മല്‍സ്യബന്ധനം കാരണമായി പാരമ്പര്യമല്‍സ്യത്തൊഴിലാളികളുടെ വലയും മറ്റും നശിക്കുന്നത് പതിവാണ്. ഇതെത്തുടര്‍ന്ന് തീരദേശത്ത് ഇടയ്ക്കിടെ സംഘര്‍ഷങ്ങളും അരങ്ങേറാറുണ്ട്. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എസ്പി കിഷോര്‍കുമാര്‍, ബേപ്പൂര്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍ ജുഗുനു, ഇ മനോജ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എസ്‌ഐ എ കെ അനീഷന്‍, എഎസ്‌ഐ അനില്‍കുമാര്‍, സിവില്‍ പോലിസ് ഓഫിസര്‍ രൂപേഷ് എന്നിവര്‍ നേതൃത്വം നല്‍കി. 

Tags:    

Similar News