കൈയില്‍ കഠാരയെങ്കില്‍ അടിത്തറയില്‍ പ്രശ്‌നമുണ്ടെന്ന് വിഎസ്; ആരെയും സംരക്ഷിക്കില്ലെന്ന് പിണറായി

സര്‍ക്കാര്‍ എന്ന നിലയില്‍ ശക്തമായ നടപടിയുമായി മുന്നോട്ടുപോവും. കേസന്വേഷണത്തിലുള്‍പ്പെടെ ഒരു തരം ലാഘവത്വവും ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി

Update: 2019-07-15 14:33 GMT

തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജില്‍ നടന്ന അക്രമങ്ങളില്‍ എസ്എഫ്‌ഐയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍വി എസ് അച്യുതാനന്ദനും മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത്. എസ്എഫ്‌ഐക്കാരുടെ കൈയില്‍ കഠാരയെങ്കില്‍ അടിത്തറയില്‍ പ്രശ്‌നമുണ്ടെന്നും തിരിച്ചറിവ് നഷ്ടപ്പെടുന്നത് നേതൃത്വത്തിനാണെങ്കില്‍ തിരുത്താന്‍ വിദ്യാര്‍ഥി സമൂഹം മുന്നോട്ടുവരണമെന്നും അച്യുതാനന്ദന്‍ പറഞ്ഞു. ഗുണ്ടായിസമല്ല എസ്എഫ്‌ഐയുടെ ആയുധം. കൈയിലുണ്ടാവേണ്ടത് ആയുധങ്ങളല്ല, ആശയങ്ങളാണെന്നും വിഎസ് തുറന്നടിച്ചു. അതേസമയം, ശക്തമായ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുമെന്നും പ്രതികളില്‍ ആരെയും സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത സംഭവമാണ് നടന്നത്. സംഘര്‍ഷമുണ്ടായപ്പോള്‍ തന്നെ നടപടിയെടുത്തിട്ടുണ്ട്. സര്‍ക്കാര്‍ എന്ന നിലയില്‍ ശക്തമായ നടപടിയുമായി മുന്നോട്ടുപോവും. കേസന്വേഷണത്തിലുള്‍പ്പെടെ ഒരു തരം ലാഘവത്വവും ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. നേരത്തേ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രിമാരായ തോമസ് ഐസകും ജി സുധാകരനും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയുമെല്ലാം യൂനിവേഴ്‌സിറ്റി കോളജില്‍ നടന്ന ആക്രമണങ്ങളെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയിരുന്നു. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അക്രമത്തെ അപലപിച്ച് ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റ് ഏറെ ശ്രദ്ധേയമായിരുന്നു.



Tags:    

Similar News