അഖിലിനെ മുമ്പും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചിട്ടുണ്ടെന്ന് പിതാവ്

എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് നസീമിന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ഥിയെ ആക്രമിച്ചതെന്നാണ് പോലിസ് പറയുന്നത്. നസീമടക്കം അഞ്ചുപേര്‍ സ്ഥലത്തുണ്ടായിരുന്നു. മുമ്പ് പോലിസുകാരെ പാളയത്ത് റോഡിലിട്ട് മര്‍ദ്ദിച്ച കേസിലെ പ്രതിയാണ് നസീം.

Update: 2019-07-12 15:27 GMT

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ പ്രവർത്തകർ തമ്മിലുള്ള സംഘര്‍ഷത്തിനിടെ കുത്തേറ്റ അഖിലിനെ മുമ്പും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചിട്ടുണ്ടെന്ന് പിതാവ് ചന്ദ്രന്‍. കഴിഞ്ഞവര്‍ഷമാണ് അഖിലിനെ ആക്രമിച്ചതെന്നും ജില്ലാ സെക്രട്ടറി ഇടപെട്ടാണ് ആ കേസ് ഒത്തുതീര്‍പ്പാക്കിയതെന്നും പിതാവ് പറഞ്ഞു.

എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് നസീമിന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ഥിയെ ആക്രമിച്ചതെന്നാണ് പോലിസ് പറയുന്നത്. നസീമടക്കം അഞ്ചുപേര്‍ സ്ഥലത്തുണ്ടായിരുന്നു. മുമ്പ് പോലിസുകാരെ പാളയത്ത് റോഡിലിട്ട് മര്‍ദ്ദിച്ച കേസിലെ പ്രതിയാണ് നസീം.

അതേസമയം, സംഘര്‍ഷത്തില്‍ എസ്എഫ്ഐ യൂണിറ്റ് നേതൃത്വത്തിലുള്ളവര്‍ക്കടക്കം പങ്കുണ്ടെന്നു എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു. വാര്‍ത്താ സെറ്റിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. യൂണിറ്റ് നേതൃത്വത്തിലുള്ളവര്‍ക്കടക്കം ഈ സംഭവവുമായി ബന്ധമുണ്ടെന്നാണു നമുക്കു പ്രാഥമികമായി കാണാനായത്. അവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കും. യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടണമെന്ന നിര്‍ദേശം സംസ്ഥാന കമ്മിറ്റിക്കു മുന്‍പാകെ നല്‍കിയിട്ടുണ്ട്. അവിടുത്തെ സ്ഥിതി കൂടി പരിശോധിച്ച് സംസ്ഥാന കമ്മിറ്റിയാണ് അതു നടപ്പാക്കേണ്ടത്. അതില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളുകള്‍ക്കെതിരെ നടപടി സ്വീകരിക്കുക എന്നതാണു പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവം വ്യക്തിപരമായ വിഷയമാണെന്ന് സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ് പ്രതികരിച്ചു. എസ്എഫ്ഐയുടെ പ്രവർത്തകർക്ക് ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കും. നാളെ അവർ എസ്എഫ്ഐയുടെ ഭാഗമായിട്ട് ഉണ്ടാകില്ല. പോലിസ് സംഭവത്തിൽ കർശന നടപടിയെടുത്ത് കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Similar News