കേരളത്തില്‍ റെയില്‍പാത ഇരട്ടിപ്പിക്കലിന് 258 കോടി രൂപ
അങ്കമാലി-ശബരിമല, തിരുനാവായ-ഗുരുവായൂര്‍, എന്നീ പുതിയ പാതകള്‍ക്കും നാമമാത്രമായ തുകയാണ് വകയിരുത്തിയിട്ടുള്ളത്. രണ്ട് പാതകള്‍ക്കും ഓരോ കോടി രൂപ വീതമാണ് വകയിരുത്തിയത്.
ന്യൂഡല്‍ഹി: കേന്ദ്ര റെയില്‍വ ബജറ്റിലും കേരളത്തിന് അവഗണന. റെയില്‍പാത ഇരട്ടിപ്പിക്കലിന് 258 കോടി രൂപയാണ് റെയില്‍വേ ബജറ്റില്‍ വകയിരുത്തിയത്. മറ്റു പല സംസ്ഥാനങ്ങള്‍ക്കും അനുവദിച്ച തുക വച്ചു നോക്കുമ്പോള്‍ ഏറെ കുറവാണിത്. അങ്കമാലി-ശബരിമല, തിരുനാവായ-ഗുരുവായൂര്‍, എന്നീ പുതിയ പാതകള്‍ക്കും നാമമാത്രമായ തുകയാണ് വകയിരുത്തിയിട്ടുള്ളത്. രണ്ട് പാതകള്‍ക്കും ഓരോ കോടി രൂപ വീതമാണ് വകയിരുത്തിയത്.
കേരളത്തിനു കൂടി ഉപകാരപ്പെടുന്ന മംഗളൂരു സെന്‍ട്രല്‍-നേത്രാവതി സെക്ടറില്‍ 11 കോടി രൂപ ഇരട്ടിപ്പിക്കലിനു വകയിരുത്തിയിട്ടുണ്ട്. വിവിധ ഇനങ്ങളില്‍ നിന്നാണ് തുക അനുവദിക്കുന്നത്.
കോട്ടയം വഴിയുള്ള പാതയില്‍ കുറുപ്പന്തറ-ചിങ്ങവനം സെക്ടറില്‍ 26.54 കിലോമീറ്റര്‍ പാതയിരട്ടിപ്പിക്കാന്‍ 84 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ആലപ്പുഴ റൂട്ടില്‍ അമ്പലപ്പുഴ-ഹരിപ്പാട് സെക്ടറിന് 26 കോടി രൂപ. തിരുവനന്തപുരം-കന്യാകുമാരി പാതയ്ക്ക് 133 കോടി രൂപ. ചെങ്ങന്നൂര്‍-ചിങ്ങവനം (16 കോടി), മുളന്തുരുത്തി-കുറുപ്പന്തറ (5.25കോടി). എറണാകുളം-കുമ്പളം, കുമ്പളം-തുറവൂര്‍, തുറവൂര്‍-അമ്പലപ്പുഴ സെക്ടറുകള്‍ക്ക് ഒരു കോടി രൂപ വീതം. ഷൊര്‍ണൂര്‍-എറണാകുളം സെക്ടറില്‍ മൂന്നാമത്തെ ലൈനിന് ഒരു കോടി രൂപ ടോക്കണ്‍ തുകയായി വകയിരുത്തി. ഇതിന് പുറമെ കൊല്ലം-തിരുനെല്‍വേലി-തിരുച്ചെന്തൂര്‍-തെങ്കാശി-വിരുദനഗരം ഗേജ് മാറ്റത്തിന് 5 കോടി വകയിരുത്തിയിട്ടുണ്ട്.
