ന്യൂനപക്ഷങ്ങളും ശബരിമലയും തിരഞ്ഞെടുപ്പില്‍ സഹായിച്ചെന്ന് യുഡിഎഫ്

വോട്ടുശതമാനത്തിലും വോട്ടിന്റെ എണ്ണത്തിലും മികച്ച മുന്നേറ്റമാണ് ഉണ്ടായത്. എല്‍ഡിഎഫിനെ അപേക്ഷിച്ച് 24.72 ലക്ഷം വോട്ടിന്റെ മുന്നേറ്റം. യുഡിഎഫിന്റെ എക്കാലത്തേയും ഏറ്റവും വലിയ വിജയമാണിത്. 123 നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫിന് മുന്നിലെത്താനായി.

Update: 2019-05-27 17:53 GMT

തിരുവനന്തപുരം: കേരളത്തില്‍ അധികാരത്തിലെത്തിയാല്‍ ശബരിമല യുവതി പ്രവേശം തടയാന്‍ നിയമം കൊണ്ടുവരാന്‍ യുഡിഎഫ് യോഗം തീരുമാനിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വന്‍വിജയത്തിന് ശബരിമല സഹായിച്ചെന്ന് യോഗം വിലയിരുത്തി. വരും നാളുകളിലും ഈ വിഷയം സജീവമാക്കി നിര്‍ത്തും. ന്യൂനപക്ഷങ്ങള്‍ അനുകൂലമായതിനൊപ്പം ശബരിമലയും തിരഞ്ഞെടുപ്പില്‍ വലിയതോതില്‍ സഹായിച്ചെന്ന് യോഗം വിലയിരുത്തി.

കണ്‍കറന്റ്‌ലിസ്റ്റിലെ വിഷയമാണെന്നും അതിനാല്‍ യുവതി പ്രവേശനത്തിനെതിരേ നിയമനിര്‍മ്മാണത്തിന് കഴിയുമെന്നും യോഗതീരുമാനങ്ങള്‍ വിശദീകരിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 

യുഡിഎഫിന്റെ നയവും ആശയങ്ങളും ജനങ്ങള്‍ സ്വീകരിച്ചതിന് തെളിവാണ് തിരഞ്ഞെടുപ്പ് വിജയം. 20 സീറ്റും യുഡിഎഫ് തൂത്തുവാരിയ 1977ല്‍ പോലും എല്‍ഡിഎഫുമായുള്ള വോട്ട് വ്യത്യാസം ഇത്രയധികമുണ്ടായിരുന്നില്ല. വോട്ടുശതമാനത്തിലും വോട്ടിന്റെ എണ്ണത്തിലും മികച്ച മുന്നേറ്റമാണ് ഉണ്ടായത്. എല്‍ഡിഎഫിനെ അപേക്ഷിച്ച് 24.72 ലക്ഷം വോട്ടിന്റെ മുന്നേറ്റം. യുഡിഎഫിന്റെ എക്കാലത്തേയും ഏറ്റവും വലിയ വിജയമാണിത്. 123 നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫിന് മുന്നിലെത്താനായി. എല്‍ഡിഎഫിന് ഇപ്പോ വെറും 16 മണ്ഡലങ്ങളില്‍ മാത്രമെ ഭൂരിപക്ഷമുള്ളൂ. 16 മന്ത്രിമാര്‍ക്ക് ജനപിന്തുണ നഷ്ടപ്പെട്ടു. ഇടതുമുന്നണിക്ക് ഭരിക്കാനുള്ള ധാര്‍മികാവകാശം നഷ്ടപ്പെട്ടുവന്നതാണ് ഇത് സൂചിപ്പിക്കുന്നത്. 

ശബരിമല വിഷയത്തില്‍ ഉറഞ്ഞുതുള്ളിയ കടകംപള്ളി സുരേന്ദ്രന്റെയും വീരശൂരപരാക്രമിയായ വി എസ് സുനില്‍ കുമാറിന്റെയും മണ്ഡലത്തില്‍ ഇടതുമുന്നണി മൂന്നാം സ്ഥാനത്തായി. ബിജെപിക്ക് ഉദ്ദേശിച്ച നേട്ടമുണ്ടാക്കാനായില്ല. ഒരു മണ്ഡലത്തില്‍ മാത്രമാണ് മുന്നില്‍ വന്നത്. സംഘപരിവാറിനെ തടഞ്ഞുനിര്‍ത്താന്‍ യുഡിഎഫിനായി. ആര്‍എസ്എസിനെതിരെയുള്ള പ്രതിരോധം സഭക്കകത്തും പുറത്തും തുടരും.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ നേട്ടത്തിന് കാരണം ശബരിമലയാണ്. മതന്യൂനപക്ഷങ്ങളും ഒപ്പം നിന്നു. മോദിയോടും പിണറായിയോടുമുള്ള വിയോജിപ്പും ജനം പ്രകടിപ്പിച്ചു. കനത്ത പരാജയം ഉണ്ടായിട്ടും നിലപാട് മാറ്റില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയ പക്വതയെ വെല്ലുവിളിക്കുന്നതാണ് ഈ നിലപാട്. ജൂണ്‍ ഒന്നിന് യുഡിഎഫ് എല്ലാ പഞ്ചായത്തുകളിലും വിജയദിനമാചരിക്കും. ജൂണ്‍ 15 ന് എല്ലാ യുഡിഎഫ് ജില്ലാ കമ്മിറ്റികളും തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തും.

Tags: