യുഎപിഎ സംസ്ഥാനത്ത് നടപ്പാക്കരുത്: കാനം രാജേന്ദ്രൻ

പൗരത്വ ഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച പോലെ യുഎപിഎയും വേണ്ടെന്ന് വയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

Update: 2019-12-23 06:24 GMT

തിരുവനന്തപുരം: യുഎപിഎ സംസ്ഥാനത്ത് നടപ്പാക്കരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പൗരത്വ ഭേദഗതി നിയമത്തിലില്ലാത്ത ഭരണഘടനാബാദ്ധ്യത യുഎപിഎയില്‍ എന്തിനാണെന്നും കാനം ചോദിച്ചു. പൗരത്വ ഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച പോലെ യുഎപിഎയും വേണ്ടെന്ന് വയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിനായി മുഖ്യമന്ത്രി രാഷ്ട്രീയ ആര്‍ജവം കാണിക്കണമെന്നും കാനം പറഞ്ഞു.

പൗരത്വ നിയമം സാങ്കേതികമായി പറഞ്ഞാല്‍ പാര്‍ലമെന്റ് പാസ്സാക്കിയ നിയമമാണ്. പക്ഷെ അത് സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് നമ്മുടെ രാഷ്ട്രീയ ഇച്ഛാശക്തിയാണ് കാണിക്കുന്നത്. അത്തരത്തിലുള്ള രാഷ്ട്രീയമായ ഇച്ഛാശക്തി ഇടതുപക്ഷത്തിന് യുഎപിഎയുടെ കാര്യം പറയുമ്പോഴും ഉണ്ടാകണമെന്നാണ് സിപിഐയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

യുഎപിഎ നിയമത്തിന്റെ കാര്യത്തില്‍ എന്‍ഐഎയ്ക്കും കേരള പോലിസിനും ഒരേ നിലപാടാണ്. എല്ലാം ഒരേ ഇനം തന്നെയാണ്. പന്തീരാങ്കാവ് കേസില്‍ പോലിസ് എഫ്ഐആറിന്റെ കോപ്പി കണ്ടതാണ്. അതില്‍ വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ നിന്ന് ഡബിള്‍ സിം ഉള്ള മൊബൈല്‍ കണ്ടെടുത്തു എന്നാണ് പറഞ്ഞിട്ടുള്ളത്. പോലിസ് പറഞ്ഞാല്‍ മാത്രം ഒരാള്‍ മാവോവാദി ആകുന്നില്ല, നിരപരാധിയും ആകുന്നില്ല. അതിന് തെളിവ് വേണ്ടേ കോടതിക്കു മുന്നില്‍ കൊടുക്കാനെന്നും അദ്ദേഹം ചോദിച്ചു.

ഒന്നോ രണ്ടോ പുസ്തകങ്ങള്‍ പിടിച്ചു എന്നത് വലിയ അപരാധമാണോ? ആരുടെയൊക്കെ പുസ്തകങ്ങള്‍ നമ്മുടെയൊക്കെ കൈയിലുണ്ട്. നമ്മുടെ വീടുകളിലും ലൈബ്രറികളിലും ബൈബിളും ഖുര്‍ആനും മഹാഭാരതവും മാത്രമാണോ ഉള്ളതെന്നും കാനം ചോദിച്ചു. വായിക്കുന്നവരുടെ കൈയില്‍ എല്ലാ വിഭാഗം എഴുത്തുകാരുടെയും പുസ്തകങ്ങള്‍ കാണുമെന്നും കാനം പറഞ്ഞു.

Tags:    

Similar News