തിരുവനന്തപുരം ചിറമുക്കില്‍ വീട്ടമ്മയ്ക്കുനേരേ മദ്യപസംഘത്തിന്റെ ആക്രമണം

ചിറമുക്ക് ജങ്ഷനില്‍ മുറുക്കാന്‍കട നടത്തിവരികയായിരുന്ന ചിറമുക്ക് സീനാ മന്‍സിലില്‍ ലൈലാബീവിക്കുനേരെയാണ് ആക്രമണമുണ്ടായത്. തന്നെ മര്‍ദിച്ച ബംഗ്ലാവ് വീട്ടില്‍ അബ്ദുല്‍ അസീസിന്റെ മകന്‍ ഷംനാദ്, സുരേന്ദ്രന്റെ മകന്‍ സുജിത്ത് എന്നിവര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് ഇവര്‍ വട്ടപ്പാറ പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കി.

Update: 2019-09-22 17:58 GMT

തിരുവനന്തപുരം: ചിറമുക്ക് ജങ്ഷനില്‍ മദ്യപിച്ചെത്തിയ രണ്ടംഗസംഘം വീട്ടമ്മയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. ചിറമുക്ക് ജങ്ഷനില്‍ മുറുക്കാന്‍കട നടത്തിവരികയായിരുന്ന ചിറമുക്ക് സീനാ മന്‍സിലില്‍ ലൈലാബീവിക്കുനേരെയാണ് ആക്രമണമുണ്ടായത്. തന്നെ മര്‍ദിച്ച ബംഗ്ലാവ് വീട്ടില്‍ അബ്ദുല്‍ അസീസിന്റെ മകന്‍ ഷംനാദ്, സുരേന്ദ്രന്റെ മകന്‍ സുജിത്ത് എന്നിവര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് ഇവര്‍ വട്ടപ്പാറ പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഞായറാഴ്ച രാത്രി 8.50 ഓടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

ഭര്‍ത്താവ് മരണപ്പെട്ടശേഷം ഏകമകളെ പഠിപ്പിക്കുന്നതിനും നിത്യചെലവിനുമുള്ള പണം കണ്ടെത്തുന്നതിനുവേണ്ടിയാണ് ലൈലാ ബീവി ചിറമുക്കില്‍ മുറുക്കാന്‍കട നടത്തിവന്നിരുന്നത്. രാത്രിയോടെ മദ്യപിച്ചെത്തിയ സംഘം കടയ്ക്കുള്ളില്‍ക്കയറി തന്നെ കടന്നുപിടിക്കുകയും കവിളെല്ലില്‍ കുത്തിപ്പിടിച്ച് മുഖത്ത് ആഞ്ഞടിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് ലൈലാ ബീവി പരാതിയില്‍ പറയുന്നു. മര്‍ദനത്തില്‍ പരിക്കേറ്റ ഇവര്‍ ഇപ്പോള്‍ കന്യാകുളങ്ങര ആശുപത്രിയില്‍ ചികില്‍സ തേടിയിരിക്കുകയാണ്. അക്രമികളുടെ ഭാഗത്തുനിന്ന് ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും തനിക്കും മകള്‍ക്കും ജീവിക്കാനുള്ള സംരക്ഷണം പോലിസ് ഒരുക്കണമെന്നും ലൈലാ ബീവി പോലിസില്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു. 

Tags:    

Similar News