ഇരട്ടക്കുഞ്ഞുങ്ങളുടെ മരണം: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

. സുപ്രിംകോടതി അഭിഭാഷകനും മനുഷ്യാവകാശപ്രവര്‍ത്തകനുമായ അഡ്വ. ശ്രീജിത്ത് പെരുമന ദേശീയ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

Update: 2020-09-29 13:14 GMT

കോഴിക്കോട്: മൂന്ന് ആശുപത്രികളില്‍ ചികില്‍സ നിഷേധിച്ചതിനെത്തുടര്‍ന്ന് കൊവിഡ് മുക്തയായ യുവതിയുടെ ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സുപ്രിംകോടതി അഭിഭാഷകനും മനുഷ്യാവകാശപ്രവര്‍ത്തകനുമായ അഡ്വ. ശ്രീജിത്ത് പെരുമന ദേശീയ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തില്‍ സംസ്ഥാന ആരോഗ്യവകുപ്പില്‍നിന്നും പോലിസില്‍നിന്നും റിപോര്‍ട്ട് ആവശ്യപ്പെടുമെന്ന് കമ്മീഷന്‍ ആസ്ഥാനത്തുനിന്നും അറിയിച്ചതായി അഡ്വ. ശ്രീജിത്ത് പെരുമന ഫെയ്‌സ്ബുക്കില്‍ അറിയിച്ചു.


 ആ അമ്മയുടെ ജീവനുവരെ ഭീഷണിയായ ഘട്ടത്തില്‍പോലും ചികില്‍സ നല്‍കാന്‍ തയ്യാറാവാതെ ഇരട്ടക്കൊലപാതകങ്ങള്‍ നടത്തിയ ആശുപത്രി അധികൃതര്‍ക്കെതിരേ നരഹത്യയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് പരാതിയില്‍ ശ്രീജിത്ത് പെരുമന ആവശ്യപ്പെട്ടു. മനുഷ്യത്വരഹിതമായ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും ഉചിതമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മലപ്പുറം കിഴിശ്ശേരിയിലെ എന്‍ സി ഷെരീഫിന്റെ ഭാര്യ സഹലയുടെ ഇരട്ടക്കുട്ടികളാണ് മരണപ്പെട്ടത്. നേരത്തേ കൊവിഡ് ബാധിച്ചിരുന്ന യുവതിയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയ്ക്കെത്തിയപ്പോള്‍ പ്രവേശിപ്പിച്ചിരുന്നില്ല. ഇവിടെ കൊവിഡ് ആശുപത്രിയാണെന്നു പറഞ്ഞാണ് തിരിച്ചയച്ചത്. പിന്നീട് സ്വകാര്യാശുപത്രികള്‍ ഉള്‍പ്പെടെ മൂന്നോളം ആശുപത്രികളിലെത്തിയെങ്കിലും ചികില്‍സ നിഷേധിച്ചതിനെ തുടര്‍ന്ന് 14 മണിക്കൂറോളം വാഹനത്തില്‍ അലയുകയായിരുന്നു. ആന്റിജന്‍ ടെസ്റ്റില്‍ ഇവര്‍ക്ക് നെഗറ്റീവായിരുന്നു.

എന്നാല്‍, കൊവിഡ് മുക്തയാണെന്ന ആര്‍ടി പിസിആര്‍ ഫലം വേണമെന്നായിരുന്നു ആശുപത്രി അധികൃതരുടെ വാദം. കഴിഞ്ഞദിവസം പുലര്‍ച്ചെ നാലിനു മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലെത്തിയ യുവതിയെ 14 മണിക്കൂര്‍ കഴിഞ്ഞാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചത്. ഇവിടെ പ്രവേശിപ്പിച്ചെങ്കിലും പ്രസവത്തിനിടെ രണ്ടു കുട്ടികളും മരണപ്പെട്ടതായി അധികൃതര്‍ അറിയിക്കുകയായിരുന്നു.

Tags:    

Similar News