ആർഎസ്‌എസ്സുകാർ കൈയേറിയ മുഞ്ചിറമഠത്തിൽ നിന്ന്‌ പഞ്ചലോഹ വിഗ്രഹം കാണാതായെന്ന് പരാതി

കൈയേറ്റത്തിനെതിരേ നിരാഹാരസമരം നടത്തുന്ന ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പുഷ്‌പാഞ്‌ജലി സ്വാമിയായ പരമേശ്വര ബ്രഹ്മാനന്ദ തീർഥയാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌. സംഭവത്തിൽ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട്‌ സ്വാമി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി.

Update: 2019-09-10 11:54 GMT

തിരുവനന്തപുരം: ആർഎസ്‌എസ്സുകാർ കൈയേറിയ മുഞ്ചിറ മഠത്തിൽ നിന്ന്‌ നൂറ്റാണ്ടുകൾ പഴക്കമുള്ള ശ്രീരാമന്റെ പഞ്ചലോഹ വിഗ്രഹം കാണാതായെന്ന് പരാതി. കൈയേറ്റത്തിനെതിരേ നിരാഹാരസമരം നടത്തുന്ന ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പുഷ്‌പാഞ്‌ജലി സ്വാമിയാരായ പരമേശ്വര ബ്രഹ്മാനന്ദ തീർഥയാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌. സംഭവത്തിൽ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട്‌ സ്വാമി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി.

ചാതുർമാസ പൂജ ഒരുക്കത്തിനിടെയാണ്‌ വിഗ്രഹം കാണാതായത്‌. തനിക്ക്‌ ആക്രമണ ഭീഷണിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മഠത്തിലേക്കുള്ള പ്രവേശനം ആർഎസ്‌എസ്‌ നിഷേധിച്ചതിൽ പ്രതിഷേധിച്ച്‌ നിരാഹാരം നടത്തുകയാണ്‌ സ്വാമി. ആരാധന നടത്താൻ ആർഎസ്‌എസുകാർ അനുവദിക്കാത്തതിനെ തുടർന്ന്‌ മഠത്തിന്‌ മുന്നിലെ ഇടുങ്ങിയ വഴിയിലാണ്‌ പൂജ നടത്തുന്നത്‌. നേരത്തെയുണ്ടായിരുന്ന സ്വാമിമാരുടെ സമാധിസ്ഥാനമുള്ള മഠത്തിലാണ്‌ ആചാര പ്രകാരം ചാതുർമാസ പൂജ നടത്തേണ്ടത്‌.

സ്ഥലം മഠത്തിന്റെ പേരിലും കെട്ടിടം ശ്രീ പത്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യുട്ടീവ്‌ ഓഫീസറുടെയും പേരിലാണ്‌. സേവാഭാരതിയുടെ പേരിലാണ്‌ മഠം ആർഎസ്‌എസ്‌ കൈയേറിയതെന്നും സ്വാമി പറയുന്നു. കൈയേറിയശേഷം അനന്തശായി ബാലസദനം എന്നപേരിൽ കുട്ടികളെ അനധികൃതമായി പാർപ്പിച്ചിരിക്കുകയാണ്‌. കൈതമുക്കിൽ ആർഎസ്‌എസ്‌ നടത്തി വന്ന ബാലസദനമാണ്‌ കൈവശാവകാശം സ്ഥാപിക്കാനായി ഇവിടേക്ക്‌ മാറ്റിയത്‌. നിയമ വിരുദ്ധമായാണ്‌ സദനം മഠത്തിൽ പ്രവർത്തിക്കുന്നത്‌. സദനം നടത്തുന്നതിന്‌ മഠത്തിന്റെയോ എക്‌സിക്യുട്ടീവ്‌ ഓഫീസറുടെയോ അനുവാദമില്ല. സദനം ഒഴിപ്പിക്കാൻ ഓഫീസറോട്‌ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലത്രേ. തുടർന്നാണ്‌ സ്വാമിയാർ നിരാഹാരം ആരംഭിച്ചത്‌. 

സംഭവത്തിൽ സമരരംഗത്തുള്ളവർ പറയുന്നത്: മുഞ്ചിറ മഠത്തിന്റെ മഠാധിപതിക്ക് ആണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പുഷ്പാഞ്ജലിയുടെ ചുമതല. പുഷ്പാഞ്ജലി സ്വാമിയാർ എന്നാണ് ഇവർ അറിയപ്പെടുന്നതും. മുഞ്ചിറ മഠങ്ങൾക്ക് അവകാശികൾ ഇല്ലാതിരുന്ന കാലം ഉണ്ടായിരുന്നു. ഈ ഘട്ടത്തിലാണ് മഠത്തിൽ കയ്യേറ്റം നടക്കുന്നത്. പക്ഷെ സ്വാമി ചാതുർമാസ വ്രതം അനുഷ്ഠിക്കാൻ മുഞ്ചിറ മഠത്തിലേക്ക് പോയപ്പോൾ ബാലസദനം നടത്തുന്നവർ അത് തടഞ്ഞു. മുഞ്ചിറ മഠത്തിൽ താമസിച്ച് വേണം ചാതുർമാസ വ്രതം അനുഷ്ഠിക്കാൻ എന്ന കാര്യത്തിൽ സ്വാമിക്ക് നിർബന്ധമുണ്ട്. ആർഎസ്എസ് ഇപ്പോൾ ഹിന്ദു ധർമ്മത്തിനു എതിരായാണ് പെരുമാറിയത്. പക്ഷെ മുഞ്ചിറ മഠം പിടിച്ചു വാങ്ങാനുള്ള ശേഷിയൊന്നും പുഷ്പാഞ്ജലി സ്വാമിയാർക്കില്ല. ഇതാണ് ആർഎസ്എസ് ചൂഷണം ചെയ്യുന്നത്.

ഏതാണ്ട് 80 സെന്റ് സ്ഥലത്തിലാണ് മുഞ്ചിറ മഠം സ്ഥിതി ചെയ്യുന്നത്. ഈ മഠത്തിൽ പ്രവേശിക്കാൻ സ്വാമിയാർക്ക് ഇപ്പോൾ അനുമതിയില്ല. ഇപ്പോൾ ക്ഷേത്രത്തിന്റെ തെക്കേ നടയിൽ കൊട്ടാരം വക സ്ഥലത്താണ് സ്വാമിയാർ താമസിക്കുന്നത്. ഇപ്പോൾ ആ സ്ഥലത്ത് അറ്റകുറ്റപ്പണികൾ നടക്കുകയാണ്. ഈ ഘട്ടത്തിൽ സ്വാമിയാർക്ക് വേറെ ഇടമില്ല. സ്വാമിയാരുടെ ഉപാസാനാ മൂർത്തിയായ ശ്രീരാമ വിഗ്രഹം കാണാനുമില്ല.

എന്നാൽ, സ്വാമിയാരുടെ ആക്ഷേപത്തെ ആർഎസ്എസുമായി ബന്ധപ്പെട്ടവർ നിഷേധിക്കുകയാണ്. നാലുപതിറ്റാണ്ട് മുൻപ് തന്നെ ആർഎസ്എസിന്റെ കൈവശമാണ് ഈ സ്ഥലം. 30 വർഷമായി ബാലസദനം പ്രവർത്തിക്കുന്ന സ്ഥലം മഠം വകയല്ലെന്നാണ് ഇവർ വ്യക്തമാക്കുന്നത്. മുപ്പതോളം കുട്ടികൾ സ്ഥാപനത്തിലുണ്ട്. ഇവിടെ പുറത്ത് നിന്നും വന്നു പൂജ ചെയ്യാൻ കഴിയില്ലെന്നും ആർഎസ്എസ് പ്രവർത്തകർ പറയുന്നു.

Tags:    

Similar News