ട്രിപ്പിള്‍ ലോക്ക് ഡൗണ്‍: എറണാകുളത്ത് ടെക്‌സ്‌റ്റൈല്‍, ജ്വല്ലറി സ്ഥാപനങ്ങള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രവര്‍ത്തനാനുമതി

പരമാവധി കുറവ് ജീവനക്കാരെ ഉപയോഗിച്ചാവണം പ്രവര്‍ത്തനം. സന്ദര്‍ശകരെ അനുവദിക്കില്ല. വീഡിയോ കോള്‍ പോലുള്ള ഓണ്‍ ലൈന്‍ സംവിധാനങ്ങളിലൂടെ ഉപഭോക്താക്കള്‍ക്ക് ഉല്‍പന്നങ്ങള്‍ തിരഞ്ഞെടുക്കാം. ഇവ സ്ഥാപനങ്ങള്‍ വീടുകളില്‍ എത്തിച്ചു നല്‍കും

Update: 2021-05-20 15:11 GMT

കൊച്ചി: എറണാകുളം ജില്ലയിലെ ടെക്‌സ്‌റ്റൈല്‍, ജ്വല്ലറി സ്ഥാപനങ്ങള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രവര്‍ത്തനാനുമതി നല്‍കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. ട്രിപ്പിള്‍ ലോക്ഡൗണ്‍ തീരുന്നത് വരെ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഇവയ്ക്ക് പ്രവര്‍ത്തനാനുമതി നല്‍കും. സംസ്ഥാന സര്‍ക്കാര്‍ ടെക്‌സ്‌റ്റൈല്‍, ജ്വല്ലറി സ്ഥാപനങ്ങള്‍ക്ക് എല്ലാ ദിവസവും പ്രവര്‍ത്തനാനുമതി നല്‍കിയെങ്കിലും എറണാകുളം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലനില്‍ക്കുന്നതിനാലാണ് ഒന്നിടവിട്ട ദിവസങ്ങളിലായി പരിമിതപ്പെടുത്തിയത്. പരമാവധി കുറവ് ജീവനക്കാരെ ഉപയോഗിച്ചാവണം പ്രവര്‍ത്തനം. സന്ദര്‍ശകരെ അനുവദിക്കില്ല. വീഡിയോ കോള്‍ പോലുള്ള ഓണ്‍ ലൈന്‍ സംവിധാനങ്ങളിലൂടെ ഉപഭോക്താക്കള്‍ക്ക് ഉല്‍പന്നങ്ങള്‍ തിരഞ്ഞെടുക്കാം. ഇവ സ്ഥാപനങ്ങള്‍ വീടുകളില്‍ എത്തിച്ചു നല്‍കും.

വരും ദിവസങ്ങളില്‍ ജില്ലയിലെ എല്ലാ മല്‍സ്യത്തൊഴിലാളികള്‍ക്കും സൗജന്യ കിറ്റുകള്‍ വിതരണം ചെയ്യാന്‍ ജില്ലാ കലക്ടര്‍ എസ് സുഹാസ് ഫിഷറീസ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ചെല്ലാനത്ത് കിറ്റുകള്‍ ഉടന്‍ വിതരണം ചെയ്യും. മല്‍സ്യഭവനുകള്‍ മുഖേനയാണ് അവശ്യ വസ്തുക്കള്‍ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്യുന്നത്.കൊവിഡ് രോഗസ്ഥിരീകരണ നിരക്ക് ഉയര്‍ന്ന പഞ്ചായത്തുകളില്‍ മൊബൈല്‍ പരിശോധനാ സംഘങ്ങളെ ഉള്‍പ്പെടുത്തി കൊവിഡ് പരിശോധന ഊര്‍ജിതമാക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ചെല്ലാനത്ത് കുടിവെള്ള വിതരണം കാര്യക്ഷമമാക്കുമെന്ന് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് അറിയിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Tags: