പ്രൈവറ്റ് സെക്രട്ടറിയുടെ ഓഫീസിന് അഞ്ചുലക്ഷം; ചെന്നിത്തലയുടെ ആരോപണങ്ങൾ തള്ളി ഗതാഗത മന്ത്രി

മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഓഫീസ് അണുവിമുക്തമാക്കാൻ അഞ്ചുലക്ഷം രൂപ അനുവദിച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. സെക്രട്ടേറിയറ്റും അനുബന്ധ ഓഫീസുകളും അണുവിമുക്തമാക്കാനാണ് തുക അനുവദിച്ചത്.

Update: 2020-04-08 10:15 GMT

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾ തള്ളി ഗതാഗത മന്ത്രിയുടെ ഓഫീസ്‌. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഓഫീസ് അണുവിമുക്തമാക്കാൻ അഞ്ചുലക്ഷം രൂപ അനുവദിച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. സെക്രട്ടേറിയറ്റും അനുബന്ധ ഓഫീസുകളും അണുവിമുക്തമാക്കാനാണ് തുക അനുവദിച്ചത്. എന്തടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവിൻ്റെ ആരോപണമെന്ന് മനസ്സിലാകുന്നില്ലെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു.

2020 മാർച്ച് 30ന് കേന്ദ്ര റോഡ് ട്രാൻസ്പോർട്ട് ആൻ്റ് ഹൈവേ മന്ത്രാലയം കൊവിഡ് സംബന്ധിച്ച് പൊതുജനത്തിന് ബോധവൽക്കരണം നടത്തുന്നതിനും ഓഫിസുകൾ ഉൾപ്പെടെ പൊതു ഇടങ്ങളും പൊതു വാഹനങ്ങളും അണുവിമുക്തമാക്കുന്നതിനുമായി 2 കോടി രൂപ അനുവദിച്ചിരുന്നു. ഈ തുക ഗതാഗത കമ്മീഷണറുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്തു. ഈ തുക കമ്മീഷണർ വിവിധ ഓഫീസുകൾക്ക് കൈമാറി. തുക വകമാറ്റുകയോ ഓഫിസിലെ ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയോ ചെയ്തിട്ടില്ല. ഇത്തരം ആവശ്യങ്ങൾക്കുള്ള തുക സംബന്ധിച്ച ഉത്തരവുകൾ വകുപ്പ് മന്ത്രിയുടെ ഓഫീസിൽ ലഭിച്ചാൽ അത് ജിഡിഎയ്ക്ക് കൈമാറുകയാണ് ചെയ്യുക. നിരവധി തവണ മന്ത്രിയായിരുന്ന പ്രതിപക്ഷ നേതാവിന് ഇക്കാര്യങ്ങൾ അറിയാവുന്നതാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ മാത്രമാണ് ഇത്തരം ആരോപണങ്ങളുടെ ഉദ്ദേശമെന്നും മന്ത്രി പറഞ്ഞു.

Tags:    

Similar News