സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി ടി പി സെന്‍കുമാര്‍; 51 യുവതികളുടെ പട്ടിക നല്‍കിയത് സര്‍ക്കാരിന് 51 നോട് പ്രത്യേക മമതയുള്ളതിനാല്‍

സനാതനധര്‍മം സംരക്ഷിക്കാനുള്ള അവസാന അവസരമാണിത്. ക്ഷേത്രത്തിന്റെ പ്രാധാന്യം സര്‍ക്കാര്‍ സുപ്രിംകോടതിയെ ബോധ്യപ്പെടുത്തിയില്ല. അയ്യപ്പജ്യോതിയാണോ വനിതാ മതിലാണോ വലുതെന്ന് വിശ്വാസികള്‍ 2019ല്‍ തെളിയിക്കണം. ഈ അവസരം പാഴാക്കരുത്. ശബരിമല ഒരു തീര്‍ത്ഥാടന കേന്ദ്രമാണ്. നൂറുകണക്കിന് വിശ്വാസികളെത്തുന്നത് ക്ഷേത്രത്തിന്റെ പ്രത്യേകതകൊണ്ടാണ്.

Update: 2019-01-20 12:25 GMT

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശവുമായി മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ രംഗത്ത്. 51 യുവതികളുടെ പട്ടിക സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചത് സര്‍ക്കാരിന് 51 നോട് പ്രത്യേക മമതയുള്ളതുകൊണ്ടാണെന്നും അതേക്കുറിച്ചൊന്നും ഇപ്പോള്‍ വിശദീകരിക്കുന്നില്ലെന്നും സെന്‍കുമാര്‍ ആരോപിച്ചു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ ശബരിമല കര്‍മസമിതി സംഘടിപ്പിച്ച അയ്യപ്പഭക്തസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സനാതനധര്‍മം സംരക്ഷിക്കാനുള്ള അവസാന അവസരമാണിത്. ക്ഷേത്രത്തിന്റെ പ്രാധാന്യം സര്‍ക്കാര്‍ സുപ്രിംകോടതിയെ ബോധ്യപ്പെടുത്തിയില്ല. അയ്യപ്പജ്യോതിയാണോ വനിതാ മതിലാണോ വലുതെന്ന് വിശ്വാസികള്‍ 2019ല്‍ തെളിയിക്കണം. ഈ അവസരം പാഴാക്കരുത്. ശബരിമല ഒരു തീര്‍ത്ഥാടന കേന്ദ്രമാണ്. നൂറുകണക്കിന് വിശ്വാസികളെത്തുന്നത് ക്ഷേത്രത്തിന്റെ പ്രത്യേകതകൊണ്ടാണ്. ആചാരമനുഷ്ഠിച്ച വിശ്വാസികളായ ഒരു സ്ത്രീപോലും അവിടെ വന്നില്ല. വിശ്വാസമില്ലാത്ത ഏതാനും സ്ത്രീരൂപങ്ങളെ എത്തിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അയ്യപ്പഭക്തസംഗമം മാതാ അമൃതാനന്ദമയി ആണ് ഉദ്ഘാടനം ചെയ്തത്.

കുളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി അധ്യക്ഷത വഹിച്ചു. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍നിന്നുള്ളവരാണ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയത്. അതേസമയം, സംഗമത്തില്‍നിന്ന് കവയത്രി സുഗതകുമാരി വിട്ടുനില്‍ക്കുകയാണ്. കര്‍മസമിതി നേതാക്കള്‍ ക്ഷണിക്കാനെത്തിയപ്പോള്‍ സുഗതകുമാരി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍, അനുമതിയില്ലാതെ കാര്യപരിപാടിയില്‍ പേരുനല്‍കിയതില്‍ സുഗതകുമാരി കടുത്ത അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തതായാണ് വിവരം.

Tags: