'എല്ലാവര്‍ക്കും ടൂറിസം' നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം

ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന 'ബാരിയര്‍ ഫ്രീ കേരള ടൂറിസം' പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി സൗഹൃദമാക്കുന്നതിന് ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയ 126 വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ 70 എണ്ണം പൂര്‍ത്തീകരിച്ചു

Update: 2019-03-04 13:06 GMT

തിരുവനന്തപുരം: ഐക്യരാഷ്ട്രസഭയുടെ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ മുന്നോട്ട് വച്ച 'എല്ലാവര്‍ക്കും ടൂറിസം'(Tourism for All) എന്ന പ്രമേയം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനം കേരളമാണെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന 'ബാരിയര്‍ ഫ്രീ കേരള ടൂറിസം' പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി സൗഹൃദമാക്കുന്നതിന് ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയ 126 വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ 70 എണ്ണം പൂര്‍ത്തീകരിച്ചതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

2021ല്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സമ്പൂര്‍ണ്ണ ഭിന്നശേഷി സൗഹൃദമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. അന്താരാഷ്ട്രതലത്തില്‍ ടൂറിസത്തെ മാര്‍ക്കറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ ശ്രമിച്ചുവരികയാണ്. സാമൂഹിക പ്രതിബദ്ധതയുള്ള ഇത്തരം പദ്ധതികള്‍ വഴി കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ സാധിക്കും. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് ഒറ്റപ്പെടലിന്റെ അനുഭവം ഇനി ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.

'ബാരിയര്‍ ഫ്രീ കേരള ടൂറിസം' പദ്ധതിയുടെ ലോഗോ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. ലോകപ്രശസ്തമായ മാഞ്ചസ്റ്റര്‍ സിറ്റി ഡേ പരേഡിലേക്ക് ഇക്കൊല്ലം കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തകര്‍ക്കുള്ള ഔദ്യോഗിക ക്ഷണക്കത്ത് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് വില്‍സന്‍ മാത്യൂസ് മന്ത്രിക്ക് കൈമാറി. കേരള ടൂറിസവും മാഞ്ചസ്റ്റര്‍ സിറ്റിയും ഉത്തരവാദിത്ത ടൂറിസം മിഷനും ചേര്‍ന്ന് ദീര്‍ഘകാല സാംസ്‌കാരിക വിനിമയ പരിപാടി ആരംഭിക്കാന്‍ തീരുമാനിച്ചത് കേരളത്തിലെ കലാപ്രവര്‍ത്തകര്‍ക്കും കേരള ടൂറിസത്തിനും ഏറെ പ്രയോജനം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.

Tags:    

Similar News