വേനല്‍ കനത്തതോടെ കുട്ടനാട്ടിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

അവധിക്കാലം ആസ്വദിക്കാനും കനത്ത ചൂടില്‍ കായല്‍പ്പരപ്പിലെ തണുപ്പ് തേടിയുമാണ് കുട്ടനാട്ടിലേക്ക് ആയിരക്കണക്കിന് സഞ്ചാരികളെത്തുന്നത്. ഇതോടെ വേമ്പനാട്ടുകായലിലെ പുരവഞ്ചികള്‍ക്ക് കൊയ്ത്തുകാലമായി. പ്രളയത്തെത്തുടര്‍ന്നുള്ള ഇടക്കാല മാന്ദ്യത്തിന് ശേഷം ജില്ലയിലെ വിനോദ സഞ്ചാര മേഖല വീണ്ടും ഉണരുകയാണ്.

Update: 2019-05-10 07:13 GMT

ആലപ്പുഴ: വേനല്‍ കനത്തതോടെ കുട്ടനാട്ടിലേക്ക് സ്വദേശികളും വിദേശികളുമടങ്ങുന്ന സഞ്ചാരികളുടെ ഒഴുക്ക്. അവധിക്കാലം ആസ്വദിക്കാനും കനത്ത ചൂടില്‍ കായല്‍പ്പരപ്പിലെ തണുപ്പ് തേടിയുമാണ് കുട്ടനാട്ടിലേക്ക് ആയിരക്കണക്കിന് സഞ്ചാരികളെത്തുന്നത്. ഇതോടെ വേമ്പനാട്ടുകായലിലെ പുരവഞ്ചികള്‍ക്ക് കൊയ്ത്തുകാലമായി. പ്രളയത്തെത്തുടര്‍ന്നുള്ള ഇടക്കാല മാന്ദ്യത്തിന് ശേഷം ജില്ലയിലെ വിനോദ സഞ്ചാര മേഖല വീണ്ടും ഉണരുകയാണ്. സര്‍ക്കാര്‍ അംഗീകൃത 850 പുരവഞ്ചികളും 250ന് മുകളില്‍ ശിക്കാര വള്ളങ്ങളുമാണ് കുട്ടനാട്ടില്‍ സഞ്ചാരികള്‍ക്കായി ഉള്ളത്.

പുരവഞ്ചിയില്‍ നിന്ന് ലഭിക്കുന്ന തനത് നാടന്‍ വിഭവങ്ങളോടാണ് സ്വദേശികളും വിദേശികളുമായ സഞ്ചാരികള്‍ക്ക് ഏറെ പ്രിയം. കായലില്‍ നിന്ന് പിടിക്കുന്ന കരിമീന്‍, കൊഞ്ചുള്‍പ്പടെയുള്ള മൽസ്യവിഭവങ്ങള്‍, കപ്പ, കോഴിയിറച്ചി എന്നുവേണ്ട നാവില്‍ രുചിയൂറുന്ന വിഭവങ്ങളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളും സമയവും അനുസരിച്ചാണ് പുരവഞ്ചികളുടെ വാടക. പകല്‍യാത്രയ്ക്ക് 4500 രൂപ മുതലും രാത്രിയും പകലുമുള്ള യാത്രയ്ക്ക് 5500 രൂപ മുതലുമാണ് പുരവഞ്ചികളുടെ നിരക്ക്.

ഒരുവട്ടം പുരവഞ്ചിയില്‍ കയറിയ സഞ്ചാരികളെല്ലാം വീണ്ടും ഈ കായല്‍ അനുഭവം തേടിയെത്തുമെന്നതാണ് കുട്ടനാടിന് തുണയാകുന്നത്. കായല്‍ വിനോദ സഞ്ചാരത്തിന്റെ കാര്യത്തില്‍ കുട്ടനാട് തന്നെയാണ് സഞ്ചാരികള്‍ക്ക് പ്രിയം. വിദേശികളോടൊപ്പം ആഭ്യന്തര സഞ്ചാരികളും ഇവിടേക്ക് കൂടുതലായെത്തുന്നുണ്ടെന്ന് ഡിറ്റിപിസി സെക്രട്ടറി എം മാലിന്‍ പറഞ്ഞു.

വരും ദിവസങ്ങളില്‍ സഞ്ചാരികളുടെ കൂടുതല്‍ ഒഴുക്കുണ്ടാകുമെന്നാണ് പ്രതീക്ഷ. ആന്ധ്ര, തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നും ധാരാളം പേരെത്തുന്നുണ്ട്. കൂടാതെ കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ നിന്നും കുടുംബങ്ങളുമായി സ്‌കൂള്‍ അവധിക്കാലം ആസ്വദിക്കാന്‍ എത്തുന്നതും ടൂറിസം മേഖലയ്ക്ക് ഉണര്‍വേകുന്നു.

ഈസ്റ്റര്‍ കഴിഞ്ഞതോടെ വിദേശത്ത് നിന്നുള്ള സഞ്ചാരികളുമായി കൊച്ചിയില്‍ എത്തുന്ന സംഘങ്ങളില്‍ നിന്നുള്ളവരും കായല്‍ സൗന്ദര്യം നുകരാനായി കുട്ടനാട്ടില്‍ എത്തുന്നുണ്ട്. പൊതുവെ എറണാകുളത്ത് ഭൂരിഭാഗം യാത്രക്കാരും ഇറങ്ങി ആലപ്പുഴ വരെ ഏതാണ്ട് കാലിയായി യാത്രനടത്തുന്ന ചെന്നൈ - ആലപ്പുഴ ട്രെയിൻ ഇപ്പോള്‍ നിറയെ യാത്രക്കാരുമായാണ് ആലപ്പുഴയ്ക്ക് എത്തുന്നത.

കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിനുശേഷം നവംബറോടെയാണ് കൂടുതല്‍ വിനോദ സഞ്ചാരികള്‍ ഇവിടേക്ക് എത്താന്‍ തുടങ്ങിയത്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ 25,000ന് മുകളില്‍ വിദേശികളും 70,000ത്തോളം ആഭ്യന്തര വിനോദ സഞ്ചാരികളും കായല്‍ സൗന്ദര്യം ആസ്വദിക്കാനായി ആലപ്പുഴയിലെത്തി. ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വന്‍ വര്‍ധനയാണുള്ളത്. അവധിക്കാലം ചെലവഴിക്കാന്‍ കുടുംബസമേതം എത്തുന്നതിനാല്‍ കൂടുതല്‍ മുറികളുള്ള പുരവഞ്ചികളോടാണ് ആഭ്യന്തര സഞ്ചാരികള്‍ക്ക് പ്രിയം.

പകല്‍യാത്രയാണ് ഭൂരിഭാഗവും തിരഞ്ഞെടുക്കുന്നത്. വിദേശികളും മറ്റ് സംസ്ഥാന യാത്രികരും രാത്രികാല യാത്രകൂടി ഉള്‍പ്പെടുന്ന പാക്കേജാണ് ഏറെ ഇഷ്ടപ്പെടുന്നത്. പുന്നമട, ഫിനിഷിങ് പോയിന്റ്, പള്ളാത്തുരുത്തി എന്നിവിടങ്ങളില്‍ നിന്നാണ് പുരവഞ്ചികളിടെ സവാരി ആരംഭിക്കുന്നത്.

ചെറുകിട വള്ളങ്ങളിലും മോട്ടോര്‍ ബോട്ടുകളില്‍ യാത്ര നടത്തുന്നവരും കുറവല്ല. പുരവഞ്ചികള്‍ തേടിയെത്തുന്നവര്‍ക്ക് ഏജന്റുമാരുടെ പിടിയില്‍പ്പെടാതെ മിതമായ നിരക്കില്‍ ഹൗസ് ബോട്ട് സവാരി ഉറപ്പാക്കുന്നതിനായി ബോട്ട് ജെട്ടിയിലെ ഡിറ്റിപിസി ഓഫീസിലും പുന്നമടയിലെ ഡിടിപിസി പ്രീപെയ്ഡ് കൗണ്ടര്‍ വഴിയും പുരവഞ്ചികള്‍ ബുക്ക് ചെയ്യാം. ഡിറ്റിപിസിയുടെ സഹായ കേന്ദ്രങ്ങള്‍ വഴി യാത്ര ചെയ്യുന്നവര്‍ക്ക് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചുള്ള പുരവഞ്ചികളാണ് അനുവദിക്കുന്നത്. പുരവഞ്ചികള്‍ ബുക്ക് ചെയ്യുന്നതിനായി ഡിറ്റിപിസിയുടെ 0477 2251796, 0477 2238170, 9400051796 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Tags: