വയനാട്ടില്‍ ജനവാസകേന്ദ്രത്തിലെത്തിയ കടുവയെ തുരത്തിയോടിച്ചു; നിരോധനാജ്ഞയും പിന്‍വലിച്ചു

ഒന്നരദിവസം നീണ്ട ശ്രമത്തിനൊടുവിലാണ് വനപാലകര്‍ കടുവയെ ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലേക്ക് തുരത്തിയത്. കടുവ കാട്ടിലേക്ക് പോയതായി വനംവകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ വണ്ടിത്തടവ്, പാറക്കടവ് പ്രദേശങ്ങളില്‍ പ്രഖ്യാപിച്ച 144 പിന്‍വലിച്ചു.

Update: 2019-05-08 04:20 GMT

കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളിയില്‍ ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ കടുവയെ തുരത്തിയോടിച്ചു. ഒന്നരദിവസം നീണ്ട ശ്രമത്തിനൊടുവിലാണ് വനപാലകര്‍ കടുവയെ ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലേക്ക് തുരത്തിയത്. കടുവ കാട്ടിലേക്ക് പോയതായി വനംവകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ വണ്ടിത്തടവ്, പാറക്കടവ് പ്രദേശങ്ങളില്‍ പ്രഖ്യാപിച്ച 144 പിന്‍വലിച്ചു. ജനം തടിച്ചുകൂടിയാലുണ്ടാവുന്ന അപായസൂചന മുന്നില്‍കണ്ടാണ് പ്രദേശത്ത് കലക്ടര്‍ 144 പ്രഖ്യാപിച്ചിരുന്നത്. പുല്‍പ്പള്ളിയിലെ ജനവാസമേഖലയില്‍ ഇറങ്ങിയ കടുവ വീട്ടില്‍ വളര്‍ത്തുന്ന ആടിനെയും പിടികൂടി കാട്ടിലേക്ക് പോയിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലില്‍ ഇവിടെ നിന്നും ഒരുകിലോമീറ്റര്‍ മാറി കടുവയെ കണ്ടെത്തി. ഒരുമണിക്കൂറോളം കടുവ ഇവിടെ നിലയുറപ്പിച്ചു.

ഡ്രോണ്‍ ഉപയോഗിച്ചാണ് കടുവയുടെ ചലനങ്ങള്‍ ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ചത്. കടുവയെ മയക്കുവെടി വയ്ക്കാനുള്ള തയ്യാറെടുപ്പില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. കടുവയെ കാട്ടിലേക്ക് തന്നെ മടക്കി അയക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമം നടത്തിയെങ്കിലും ഇത് ഫലം കണ്ടിരുന്നില്ല. കടുവ അക്രമകാരിയാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ജനവാസമേഖലകളില്‍ തന്നെ കടുവ കറങ്ങിനടക്കുന്ന സാഹചര്യത്തില്‍ മയക്കുവെടി വച്ച് പിടികൂടുന്നതാണ് നല്ലതെന്ന നിലപാട് ഉന്നത ഉദ്യോഗസ്ഥരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പിന്നീട് കടുവ ബന്ദിപ്പൂര്‍ മേഖലയിലേക്ക് കടുവ മടങ്ങിപ്പോയതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിക്കുകയായിരുന്നു.

Tags: