യുവതിയുടെ കൊലപാതകം: മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും കേസെടുത്തു

കൊല്ലം ജില്ലാ പോലിസ് മേധാവി(കൊട്ടാരക്കര റൂറൽ) സംഭവത്തിൽ വിശദമായ റിപ്പോർട്ട് മൂന്നാഴ്ചക്കകം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം കെ മോഹൻ കുമാർ ആവശ്യപ്പെട്ടു.

Update: 2019-04-01 15:14 GMT

കൊല്ലം: ഭർത്ത്യഗൃഹത്തിൽ പട്ടിണിക്കിട്ട് യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ  സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തു. കൊല്ലം ജില്ലാ പോലിസ് മേധാവി(കൊട്ടാരക്കര റൂറൽ) സംഭവത്തിൽ വിശദമായ റിപ്പോർട്ട് മൂന്നാഴ്ചക്കകം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം കെ മോഹൻ കുമാർ ആവശ്യപ്പെട്ടു. 

ഓയൂർ കുരിശുമുട് ചരുവിള വീട്ടിൽ ചന്തു ലാലിന്റെ ഭാര്യ തുഷാരയാണ്  കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. മാതാപിതാകളിൽ നിന്ന് സ്ത്രീധനതുക ഈടാക്കാൻ വേണ്ടി യുവതിയെ പട്ടിണിക്കിട്ടെന്നും ദുർമന്ത്രവാദം നടത്തിയെന്നും റിപ്പോർട്ടുകൾ ഉള്ളതായി കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. കേസ് ഏപ്രിൽ 26 ന് കൊട്ടാരക്കര നടക്കുന്ന സിറ്റിങിൽ പരിഗണിക്കും. 

യുവതിയെ പട്ടിണിക്കിട്ടതും ആഭിചാര ക്രിയയുടെ മറവിൽ മർദിച്ചതും ഗൗരവമായാണ് കാണുന്നതെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ പറഞ്ഞു. പോലിസ് റിപോർട്ട് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കും. ആഭിചാര കർമ്മങ്ങൾ ഉൾപ്പടെയുള്ള അന്ധവിശ്വാസങ്ങൾക്കെതിരേ പ്രദേശത്ത് വനിതാ കമ്മീഷൻ ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കുമെന്നും അവർ പറഞ്ഞു.



Tags:    

Similar News