കോടിയേരിയുടെ മകനില്ലാത്ത പരിഗണന തുഷാറിനെന്തിന്; മുഖ്യമന്ത്രിക്കെതിരേ വി ഡി സതീശന്‍

നൂറുകണക്കിന് മലയാളികള്‍ ചെക്ക് കേസില്‍പെട്ട് ഗള്‍ഫിലെ ജയിലില്‍ കിടക്കുന്നുണ്ടെന്നും അവര്‍ക്കുവേണ്ടി ഒന്നും ചെയ്യാത്ത മുഖ്യമന്ത്രി എന്തിനാണ് എന്‍ഡിഎ കണ്‍വീനര്‍ കൂടിയായ തുഷാര്‍ വെള്ളാപ്പള്ളിയെ രക്ഷിക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ചതെന്ന് സതീശന്‍ ചോദിച്ചു.

Update: 2019-08-23 04:12 GMT

തിരുവനന്തപുരം: ചെക്കുകേസില്‍ അജ്മാനില്‍ അറസ്റ്റിലായ ബിഡിജഐസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുടെ മോചനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടതിനെ ചോദ്യംചെയ്ത് കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍. നൂറുകണക്കിന് മലയാളികള്‍ ചെക്ക് കേസില്‍പെട്ട് ഗള്‍ഫിലെ ജയിലില്‍ കിടക്കുന്നുണ്ടെന്നും അവര്‍ക്കുവേണ്ടി ഒന്നും ചെയ്യാത്ത മുഖ്യമന്ത്രി എന്തിനാണ് എന്‍ഡിഎ കണ്‍വീനര്‍ കൂടിയായ തുഷാര്‍ വെള്ളാപ്പള്ളിയെ രക്ഷിക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ചതെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ സതീശന്‍ ചോദിച്ചു.

പാര്‍ട്ടി സെക്രട്ടറി കോടിയേരിയുടെ മകന്‍ ഗള്‍ഫില്‍ ചെക്കുകേസില്‍ പെട്ടിട്ടുപോലും മുഖ്യമന്ത്രി ഇടപെട്ടില്ല. തുഷാര്‍ വെള്ളാപ്പള്ളിക്കു നിയമപരിരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ടാണ് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിനു മുഖ്യമന്ത്രി കത്തയച്ചത്. തുഷാര്‍ വെള്ളാപ്പള്ളിയുടെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്നും അടിയന്തര ഇടപെടല്‍ വേണമെന്നും തന്റെ പ്രത്യേക താല്‍പര്യത്താലാണ് കത്ത് അയക്കുന്നതെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ചൊവ്വാഴ്ച വൈകീട്ട് അജ്മാനിലെ ഹോട്ടലില്‍നിന്നാണ് തുഷാറിനെ അറസ്റ്റുചെയ്ത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനായി തുഷാറിനെ ഹോട്ടലിലേക്കു വിളിച്ചുവരുത്തിയശേഷം അറസ്റ്റുചെയ്യുകയായിരുന്നു.

Tags: