ശത്രുക്കള്‍ക്ക് കോണി ചാരിക്കൊടുക്കുന്ന ലീഗ് നിലപാട് അവസാനിപ്പിക്കണം: എസ് ഡിപിഐ

തൂണേരിയിലെ പൗരപ്രധാനിയും ലീഗ് നേതാവുമായ കാട്ടുമഠത്തില്‍ അബൂബക്കര്‍ ഹാജിയുടെ വീട് ആക്രമിക്കുകയും 87 പവന്‍ സ്വര്‍ണം കൊള്ളയടിക്കുകയും ചെയ്ത കേസില്‍ പ്രതിയായ എ കെ ഉമേഷാണ് തൂണേരി ബ്ലോക്കിലെ പാറക്കടവ് ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി കോണി ചിഹ്‌നത്തില്‍ മല്‍സരിക്കുന്നത്.

Update: 2020-12-05 08:38 GMT

വടകര: തൂണേരിയില്‍ നടന്ന മുസ്‌ലിം വിരുദ്ധ അക്രമങ്ങളില്‍ പങ്കാളികളായവരെ സ്വന്തം ചിഹ്‌നത്തില്‍ മല്‍സരരംഗത്തിറക്കി വിശുദ്ധരാക്കുന്ന മുസ്‌ലിം ലീഗിന്റെ സമുദായവഞ്ചന നാദാപുരത്തെ ജനങ്ങള്‍ തിരിച്ചറിയണമെന്ന് എസ് ഡിപിഐ. നാദാപുരത്തെ പതിറ്റാണ്ടുകളായി അശാന്തിയില്‍ തളച്ചിടുന്ന ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ ഏറ്റവും വൃത്തികെട്ട മുഖമാണ് സ്വന്തം നേതാവിന്റെ വീട് അക്രമിച്ച പ്രതിയെ സ്വന്തം ചിഹ്‌നത്തില്‍ മല്‍സരിപ്പിച്ച നടപടിയിലൂടെ മുസ്‌ലിം ലീഗ് വെളിപ്പെടുത്തിയിരിക്കുന്നതെന്ന് എസ് ഡിപിഐ മണ്ഡലം പ്രസിഡന്റ് ബഷീര്‍ ചീക്കൊന്ന് പറഞ്ഞു.

നാദാപുരത്തെ വെള്ളൂര്‍ ഇപ്പോഴും ഒരു സമൂഹത്തിന്റെ മനസ്സിലെ നീറിപ്പുകയുന്ന കനലാണ്. രാഷ്ട്രീയകൊലപാതകങ്ങള്‍ നടത്തുന്നതില്‍ കേരളത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സിപിഎം ഒരു കൊലപാതകത്തിന്റെ പേരുപറഞ്ഞാണ് മുസ്‌ലിം സമൂഹത്തെ ഒറ്റതിരിച്ച് ആക്രമിക്കാന്‍ 2015 ജനുവരി 23ന് ഉത്തരവിട്ടത്. കേരള ചരിത്രത്തില്‍ സമാനതകളില്ലാത്ത സംഭവങ്ങളാണ് അന്ന് തൂണേരിയിലും പരിസരങ്ങളിലും നടന്നത്.

സമുദായത്തെ മൊത്തമായി ഏറ്റെടുത്ത സമുദായപാര്‍ട്ടിയുടെ ശക്തിദുര്‍ഗങ്ങള്‍ ചുറ്റിലുമുണ്ടായിട്ടും തങ്ങളുടെ പ്രവര്‍ത്തകര്‍ ചെയ്ത അക്രമത്തിന്റെ പേരില്‍ സമുദായം ഒന്നടങ്കം വേട്ടയാടപ്പെട്ടിട്ടും അക്രമികള്‍ക്കെതിരേ ചെറുവിരലനക്കാന്‍ ലീഗ് നേതൃത്വം അന്ന് സന്നദ്ധമായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.. കത്തിയമര്‍ന്ന വീടുകളിലെ അവസാന കനലും കെട്ടടങ്ങിയപ്പോള്‍ അവര്‍ പതിവുപോലെ സമാധാനത്തിന്റെ വെള്ളരിപ്രാവുകളായി പറന്നിറങ്ങി.

കുറ്റവാളികളെ നിയമത്തിനു മുമ്പിലെത്തിക്കാന്‍ ചിലര്‍ നടത്തിയ നീക്കങ്ങള്‍ക്കുപോലും അവര്‍ തടയിട്ടു. പിന്നീട് നാം കണ്ടത് ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ തനി ആവര്‍ത്തനങ്ങളാണ്. കുറ്റവാളികള്‍ ഏതാണ്ടും ശിക്ഷിക്കപ്പെടാതെ രക്ഷപ്പെട്ടുകഴിഞ്ഞു. ഇപ്പോഴിതാ വെള്ളൂരിലെ കൊള്ളയിലും കൊള്ളിവയ്പ്പിലും പ്രതിയായ ഒരാളെ കോണി ചിഹ്‌നം തന്നെ നല്‍കി സ്ഥാനാര്‍ഥിയാക്കി മുസ്‌ലിം ലീഗ് ആദരിച്ചിരിക്കുന്നു.

തൂണേരിയിലെ പൗരപ്രധാനിയും ലീഗ് നേതാവുമായ കാട്ടുമഠത്തില്‍ അബൂബക്കര്‍ ഹാജിയുടെ വീട് ആക്രമിക്കുകയും 87 പവന്‍ സ്വര്‍ണം കൊള്ളയടിക്കുകയും ചെയ്ത കേസില്‍ പ്രതിയായ എ കെ ഉമേഷാണ് തൂണേരി ബ്ലോക്കിലെ പാറക്കടവ് ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി കോണി ചിഹ്‌നത്തില്‍ മല്‍സരിക്കുന്നത്. ഈ നെറികേടുകള്‍ക്കെതിരേ പ്രതികരിക്കാന്‍ ജനങ്ങള്‍ തയ്യാറാവുന്നില്ലെങ്കില്‍ അതിന് കൊടുക്കേണ്ടിവരുന്ന വില വളരെ വലുതായിരിക്കുമെന്നാണ് കഴിഞ്ഞകാല അനുഭവങ്ങള്‍ തെളിയിക്കുന്നതെന്ന് ബഷീര്‍ ചീക്കോന്ന് പറഞ്ഞു.

Tags:    

Similar News