തൃശൂര്‍ കോര്‍പറേഷന് 52 കോടി രൂപ ധനകാര്യ കമ്മീഷന്‍ ഗ്രാന്റ്; ഇതില്‍ 29.47 കോടി സമീപ നഗരങ്ങള്‍ക്ക്

നഗരസഭയുടെ പുറത്ത് ചെലവഴിക്കാനുളള ഗ്രാന്റില്‍ 55 പഞ്ചായത്തുകള്‍, ആറ് മുനിസിപ്പാലിറ്റികള്‍, 14 ബ്ലോക്ക് പഞ്ചായത്തുകള്‍, ജില്ലാ പഞ്ചായത്ത് എന്നിവയ്ക്കും വിഹിതം ലഭിക്കും.

Update: 2020-08-13 10:40 GMT

തൃശൂര്‍: കോര്‍പറേഷന് ഗ്രാന്റായി 52 കോടി രൂപ ധനകാര്യ കമ്മീഷന്‍ അനുവദിച്ചു. കോര്‍പറേഷന്‍, അതിനോട് ചേര്‍ന്ന നഗരസ്വഭാവത്തിലുള്ള സെന്‍സസ് ടൗണുകള്‍, മുനിസിപ്പാലിറ്റികള്‍, ഔട്ട് ഗ്രോത്തുകള്‍ എന്നിവ ചേര്‍ന്ന നഗരസഞ്ചയ പ്രദേശങ്ങളില്‍ കുറഞ്ഞത് 29.4736 കോടി രൂപ വിനിയോഗിക്കണം. നഗരസഭയുടെ പുറത്തുള്ള ധനകാര്യ കമ്മീഷന്‍ ഗ്രാന്റിന്റെ വിനിയോഗം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിലുള്ള ജില്ലാ ആസൂത്രണ സമിതി യോഗം ചര്‍ച്ച ചെയ്തു.

നഗരസഭയുടെ പുറത്ത് ചെലവഴിക്കാനുളള ഗ്രാന്റില്‍ 55 പഞ്ചായത്തുകള്‍, ആറ് മുനിസിപ്പാലിറ്റികള്‍, 14 ബ്ലോക്ക് പഞ്ചായത്തുകള്‍, ജില്ലാ പഞ്ചായത്ത് എന്നിവയ്ക്കും വിഹിതം ലഭിക്കും. ഈ ഗ്രാന്റ് ഉപയോഗിച്ച് കുടിവെള്ള, ശുചിത്വ പ്രൊജക്ടുകള്‍ നടപ്പിലാക്കാം. കുടിവെള്ള പദ്ധതികളുടെ നടത്തിപ്പ്, മഴവെള്ളക്കൊയ്ത്ത്, ജലസംരക്ഷണവും ജലസ്രോതസ്സുകളുടെ പരിപോഷണവും, ജലാശയങ്ങളുടെ പുനരുജ്ജീവനം, ജലത്തിന്റെ പുനരുപയോഗവും പുനഃചംക്രമണവും എന്നിവ നടപ്പിലാക്കാം. ശുചിത്വ പദ്ധതികളുടെ ഭാഗമായി ഖരദ്രവ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍, വെളിയിട വിസര്‍ജന വിമുക്ത സ്ഥിതി നിലനിര്‍ത്തല്‍ എന്നിവ നടപ്പിലാക്കാം.

ധനകാര്യ കമ്മീഷന്‍ ഗ്രാന്റിന്റെ വിനിയോഗവും ഏകോപനവും ഉറപ്പാക്കുന്നതിനും ആസൂത്രണത്തിനുമായി ജോയിന്റ് പ്ലാനിംഗ് കമ്മിറ്റി രൂപീകരിച്ചു. കോര്‍പറേഷന്‍ മേയര്‍ അധ്യക്ഷയായ കമ്മിറ്റിയില്‍ ആറ് നഗരസഭകളുടെയും 55 ഗ്രാമ പഞ്ചായത്തുകളുടെയും അധ്യക്ഷന്മാരും ബ്ലോക്ക് പഞ്ചായത്തുകളുടെയും ജില്ലാ പഞ്ചായത്തിന്റെയും വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരും 61 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാരും ഉള്‍പ്പെടും. ജോയിന്റ് പ്ലാനിംഗ് കമ്മിറ്റിയുടെ യോഗത്തില്‍ ധാരണയാകുന്നത് പ്രകാരമാണ് തദ്ദേശഭരണ സ്ഥാപനം നിര്‍വ്വഹണം നടത്തേണ്ടത്.

യോഗത്തില്‍ ജില്ലാ കലക്ടര്‍ എസ് ഷാനവാസ്, സര്‍ക്കാര്‍ നോമിനി ഡോ. എം എന്‍ സുധാകരന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി ആര്‍ മായ തുടങ്ങിയവര്‍ പങ്കെടുത്തു. 

Tags: