ത്രിപുര അക്രമം: വിമന്‍ ഇന്ത്യ മൂവ്‌മെന്റ് എറണാകുളത്ത് വനിതാ പ്രതിഷേധ വലയങ്ങള്‍ സംഘടിപ്പിച്ചു

സ്ത്രീകള്‍ക്കെതിരെ ക്രൂരമായ ആക്രമണങ്ങളാണ് ത്രിപുരയില്‍ നടക്കുന്നതെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ്് കെ കെ റൈഹാനത്ത്

Update: 2021-11-04 04:53 GMT

കൊച്ചി: ഗുജറാത്ത് വംശഹത്യക്ക് സമാനമായ അക്രമസംഭവങ്ങളാണ് ത്രിപുരയില്‍ ഇപ്പോള്‍ അരങ്ങേറുന്നതെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത്.ത്രിപുരയില്‍ ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ മുസ് ലിംകളെ ലക്ഷ്യം വച്ച് നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യക്കെതിരെ വിമന്‍ ഇന്ത്യ മൂവ്‌മെന്റ് പറവൂരില്‍ നടത്തിയ വനിതാ പ്രതിഷേധ വലയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.സ്ത്രീകള്‍ക്കെതിരെ ക്രൂരമായ ആക്രമണങ്ങളാണ് ത്രിപുരയില്‍ നടക്കുന്നത്.

അക്രമികള്‍ നിരവധി സ്ത്രീകളെ മാനഭംഗത്തിനിരയാക്കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന സംഘപരിവാര്‍ അക്രമത്തെ തടയാന്‍ ത്രിപുര സര്‍ക്കാരിന് കഴിയാത്തത് പ്രതിഷേധാര്‍ഹമാണെന്നും കെ കെ റൈഹാനത്ത് കൂട്ടിച്ചേര്‍ത്തു. അക്രമത്തെ ജനകീയമായി പ്രതിരോധിക്കുക, അക്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കുക, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ പീഡനങ്ങളെ കുറിച്ച് അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന വ്യാപകമായി മണ്ഡലം തലങ്ങളില്‍ വനിതാ പ്രതിഷേധ വലയങ്ങള്‍ സംഘടിപ്പിച്ചത്.എറണാകുളം ജില്ലയില്‍ എട്ടിടങ്ങളില്‍ വനിതാ പ്രതിഷേധ വലയങ്ങള്‍ നടന്നു.

ആലുവയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇര്‍ഷാന, കളമശ്ശേരിയില്‍ ജില്ലാ പ്രസിഡന്റ് സുനിത നിസാര്‍, കൊച്ചിയില്‍ ജനറല്‍ സെക്രട്ടറി സുമയ്യ സിയാദ്, കുന്നത്തുനാടില്‍ ജില്ലാ കമ്മിറ്റി അംഗം സനൂജ കുഞ്ഞുമുഹമ്മദ്, തൃക്കാക്കരയില്‍ എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് നിമ്മി നൗഷാദ്, വൈപ്പിന്‍ മണ്ഡലത്തില്‍ മണ്ഡലം പ്രസിഡന്റ് സനിത കെബീര്‍, പെരുമ്പാവൂര്‍ മണ്ഡലത്തില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ ഷമീന ഷാനവാസ് തുടങ്ങിയവര്‍ പ്രതിഷേധ വലയങ്ങള്‍ ഉദ്ഘാടനം ചെയ്തു.നിരവധി സ്ത്രീകള്‍ പങ്കെടുത്ത പ്രതിഷേധ വലയത്തിന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് മണ്ഡലം പ്രസിഡന്റ്മാരും സെക്രട്ടറിമാരും നേതൃത്വം നല്‍കി.

Tags: