ഏഴുവയസ്സുകാരന്റെ കൊലപാതകം: അനുജനെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിലും അരുണ്‍ ആനന്ദിനെതിരേ കുറ്റപത്രം

ഏഴുവയസുകാരന്റെ അനുജനായ നാലുവയസുകാരനെ പ്രതി ക്രൂരമായി മര്‍ദിച്ചിരുന്നതായി തെളിഞ്ഞിരുന്നു. നാലുവയസുകാരന്റെ ദേഹപരിശോധനയില്‍ 14 മുറിവുകള്‍ കണ്ടെത്തിയിരുന്നു. ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നതായി വൈദ്യപരിശോധനയിലും തെളിഞ്ഞിരുന്നു.

Update: 2019-06-21 19:33 GMT

തൊടുപുഴ: കുമാരമംഗലത്ത് ക്രൂരമായി കൊല്ലപ്പെട്ട ഏഴുവയസുകാരന്റെ അനുജനെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസില്‍ പ്രതി അരുണ്‍ ആനന്ദിനെതിരേ തൊടുപുഴ പോക്‌സോ കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചു. അമ്മയുടെ പങ്കാളിയായ തിരുവനന്തപുരം നന്തന്‍കോട് അരുണ്‍ ആനന്ദ്(36) ഏഴുവയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ ഇപ്പോള്‍ ജയിലിലാണുള്ളത്. അന്വേഷണ ഉദ്യോഗസ്ഥനായ തൊടുപുഴ സിഐ അഭിലാഷ് ഡേവിഡാണ് നൂറോളം പേജുള്ള കുറ്റപത്രം തയാറാക്കി തൊടുപുഴ പോക്‌സോ കോടതിയില്‍ സമര്‍പിച്ചത്.

ഏഴുവയസുകാരന്റെ അനുജനായ നാലുവയസുകാരനെ പ്രതി ക്രൂരമായി മര്‍ദിച്ചിരുന്നതായി തെളിഞ്ഞിരുന്നു. നാലുവയസുകാരന്റെ ദേഹപരിശോധനയില്‍ 14 മുറിവുകള്‍ കണ്ടെത്തിയിരുന്നു. ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നതായി വൈദ്യപരിശോധനയിലും തെളിഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് പോക്‌സോ ചുമത്തിയത്.

പ്രതിയുടെ ആക്രമണത്തില്‍ ഏഴുവയസുകാരന്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുമ്പോഴാണ് ഇളയകുട്ടിയും അതിക്രമം നേരിട്ടിരുന്നതായി കണ്ടെത്തിയത്. നാലുവയസുകാരന്റെ ദേഹത്തെ പല മുറിവുകളും അഞ്ചു മുതല്‍ ഏഴു ദിവസം വരെ പഴക്കമുള്ളതാണെന്നും പരിശോധനയില്‍ വ്യക്തമായിരുന്നു. പോക്‌സോ കോടതി ജഡ്ജി കെ അനില്‍കുമാര്‍ മുന്‍പാകെയാണ് കേസ് വിസ്തരിക്കുക. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി ബി വാഹിദ ഹാജരാവും.

Tags: