തൊടുപുഴയില്‍ ഏഴു വയസുകാരന് ക്രൂരമര്‍ദനം: പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി
കേസില്‍ നേരത്തെ കസ്റ്റഡിയിലെടുത്ത ഇയാളെ വിശദമായി ചോദ്യംചെയ്തശേഷം വൈകീട്ടോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഏഴ് വയസുകാരനെ അരുണ്‍ ആനന്ദ് അതിക്രൂരമായി മര്‍ദിച്ചെന്ന് പോലിസ് വ്യക്തമാക്കിയിരുന്നു. കിടക്കയില്‍ കിടന്ന ഏഴുവയസുകാരനെ ചവിട്ടിയും ഇടിച്ചും പരിക്കേല്‍പ്പിച്ചു. ചുവരിലേക്ക് വലിച്ചെറിഞ്ഞപ്പോഴാണ് കുട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.
ഇടുക്കി: തൊടുപുഴയ്ക്ക് സമീപം കുമാരമംഗലത്ത് ഏഴു വയസുകാരനെ ക്രൂരമര്‍ദനത്തിനിരയാക്കിയ പ്രതി തിരുവനന്തപുരം സ്വദേശി അരുണ്‍ ആനന്ദിനെ പോലിസ് അറസ്റ്റുചെയ്തു. കേസില്‍ നേരത്തെ കസ്റ്റഡിയിലെടുത്ത ഇയാളെ വിശദമായി ചോദ്യംചെയ്തശേഷം വൈകീട്ടോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഏഴ് വയസുകാരനെ അരുണ്‍ ആനന്ദ് അതിക്രൂരമായി മര്‍ദിച്ചെന്ന് പോലിസ് വ്യക്തമാക്കിയിരുന്നു. കിടക്കയില്‍ കിടന്ന ഏഴുവയസുകാരനെ ചവിട്ടിയും ഇടിച്ചും പരിക്കേല്‍പ്പിച്ചു. ചുവരിലേക്ക് വലിച്ചെറിഞ്ഞപ്പോഴാണ് കുട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.
ഇളയകുട്ടി കിടക്കയില്‍ മൂത്രമൊഴിച്ചതാണ് മൂത്ത കുട്ടിയെ അതിക്രൂരമായി മര്‍ദിക്കാനുള്ള കാരണമെന്നും പോലിസ് പറയുന്നു. ഫോറന്‍സിക് വിദഗ്ധര്‍ അരുണിന്റെ വാഹനത്തില്‍ നടത്തിയ പരിശോധനയില്‍ കാറിനുള്ളില്‍നിന്ന് മദ്യക്കുപ്പികളും ലഹരിവസ്തുക്കളും ആയുധവും കണ്ടെത്തിയിരുന്നു. സംഭവം നടന്ന വീട്ടിലും ഫോറന്‍സിക് വിഭാഗം പരിശോധന നടത്തി. കുട്ടി സോഫയില്‍നിന്ന് വീണു പരിക്കേറ്റെന്നാണ് ആദ്യ ചോദ്യം ചെയ്യല്‍ മുതല്‍ പ്രതിയുടെ നിലപാട്. കുട്ടിയുടെ അമ്മയും ഇതേ മൊഴിയാണ് നല്‍കിയത്. അതിനാലാണ് കാറിനുള്ളിലും വീട്ടിലും ഫോറന്‍സിക് വിഭാഗം പരിശോധന നടത്തിയത്. കൂടുതല്‍ ചോദ്യംചെയ്യലിലാണ് അതിക്രൂരമായ മര്‍ദനത്തിന്റെ ചുരുളഴിയുന്നത്. കുട്ടികളെ അരുണ്‍ ക്രൂരമായി മര്‍ദിക്കാറുണ്ടെന്നും ഭയംകൊണ്ടാണ് പുറത്തുപറയാതിരുന്നതെന്നും മാതാവ് പിന്നീട് വെളിപ്പെടുത്തി.
കോലഞ്ചേരിയിലെ സ്വകാര്യാശുപത്രിയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. 48 മണിക്കൂര്‍ അതിനിര്‍ണായകമാണ്. സര്‍ക്കാര്‍ കുട്ടികളുടെ ചികില്‍സയും സംരക്ഷണവും ഏറ്റെടുത്തിട്ടുണ്ട്. കുട്ടിക്ക് മികച്ച ചികില്‍സയും ശ്രദ്ധയും ലഭിക്കാന്‍ പ്രത്യേക ഡോക്ടര്‍മാരെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. എട്ടുമാസമായി അരുണ്‍ ആനന്ദിനൊപ്പം താമസിക്കുകയായിരുന്നു ഈ യുവതിയും രണ്ട് കുട്ടികളും. കുട്ടികളുടെ അച്ഛന്‍ ഒരുവര്‍ഷം മുമ്പ് മരിച്ചിരുന്നു. ഇതിന് ശേഷമാണ് അരുണിനൊപ്പം യുവതി തൊടുപുഴയില്‍ വന്ന് താമസമാക്കിയത്. ഏഴ് വയസ്സുകാരനെ ഒരുമാസം മുമ്പ് മാത്രമാണ് സ്‌കൂളില്‍ ചേര്‍ത്തത്.
