തൊടുപുഴ ബാറില്‍ അക്രമം നടത്തിയ ഭാരവാഹികളെ ഡിവൈഎഫ്‌ഐ പുറത്താക്കി

ഡിവൈഎഫ്‌ഐ മുതലക്കോടം യൂനിറ്റ് പ്രസിഡന്റ് ജിത്തു ഷാജി, സെക്രട്ടറി മാത്യൂസ് കൊല്ലപ്പിള്ളി എന്നിവരെയാണ് ഡിവൈഎഫ്‌ഐയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയത്. തൊടുപുഴ നഗരത്തിലെ ബാര്‍ ഹോട്ടലില്‍ ചതയദിനത്തിലായിരുന്നു സംഭവം.

Update: 2019-09-14 12:18 GMT

ഇടുക്കി: തൊടുപുഴയിലെ ബാറില്‍ അക്രമം നടത്തിയ രണ്ട് ഡിവൈഎഫ്‌ഐ ഭാരവാഹികളെ സംഘടനയില്‍നിന്ന് പുറത്താക്കി. ഡിവൈഎഫ്‌ഐ മുതലക്കോടം യൂനിറ്റ് പ്രസിഡന്റ് ജിത്തു ഷാജി, സെക്രട്ടറി മാത്യൂസ് കൊല്ലപ്പിള്ളി എന്നിവരെയാണ് ഡിവൈഎഫ്‌ഐയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയത്. തൊടുപുഴ നഗരത്തിലെ ബാര്‍ ഹോട്ടലില്‍ ചതയദിനത്തിലായിരുന്നു സംഭവം. തൊടുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ആക്രമണത്തില്‍ പങ്കുണ്ടെന്ന് വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും പുറത്താക്കിയതെന്ന് ബ്ലോക്ക് സെക്രട്ടറി അരുണ്‍ പറഞ്ഞു.

വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ മദ്യം ചോദിച്ചെത്തിയ ഡിവൈഫ്‌ഐ പ്രാദേശിക നേതാവ് ഉള്‍പ്പെട്ട സംഘം ബാറില്‍ അക്രമം നടത്തിയത്. അവധി ദിനമായതിനാലും ഒരുമണി കഴിഞ്ഞതിനാലും മദ്യം തരാനാവില്ലെന്ന് പറഞ്ഞതോടെ നാലംഗസംഘം ജീവനക്കാരോട് തട്ടിക്കയറുകയും മര്‍ദിക്കുകയായിരുന്നു. കൗണ്ടറില്‍ അതിക്രമിച്ച് കയറി റിസപ്ഷനിസ്റ്റിനെ മര്‍ദിച്ച് പണം തട്ടിയെടുത്തതായും ബാര്‍ ജീവനക്കാര്‍ പോലിസിന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സംഭവത്തില്‍ ലിജോ, കെ എസ് ഗോപികൃഷ്ണന്‍, ജിത്തു ഷാജി, മാത്യൂസ് കൊല്ലപ്പള്ളി എന്നിവര്‍ക്കെതിരേയാണ് പോലിസ് കേസെടുത്തിരുന്നത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ബാറില്‍ ആക്രമണം നടത്തിയതെന്ന് ബാര്‍ ജീവനക്കാര്‍ വ്യക്തമാക്കിയിരുന്നു.

Tags:    

Similar News