തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ് പ്രിന്‍സിപ്പാളിനെ നീക്കി

കോളജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥി അഖിലിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. തൃശൂര്‍ ഗവ. കോളജ് പ്രിന്‍സിപ്പാള്‍ ഡോ. സി സി സാബുവാണ് പുതിയ പ്രിന്‍സിപ്പാള്‍.

Update: 2019-07-17 11:39 GMT

തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജ് പ്രിന്‍സിപ്പാള്‍ കെ വിശ്വംഭരനെ നീക്കി. കോളജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥി അഖിലിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. തൃശൂര്‍ ഗവ. കോളജ് പ്രിന്‍സിപ്പാള്‍ ഡോ. സി സി സാബുവാണ് പുതിയ പ്രിന്‍സിപ്പാള്‍. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇടപെടല്‍ നടത്തുന്നതില്‍ പ്രിന്‍സിപ്പാലിന് വീഴ്ചയുണ്ടായെന്ന കോളജ് വിദ്യാഭ്യാസ അഡീഷനല്‍ ഡയറക്ടറുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. യൂനിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പാള്‍ സ്വീകരിച്ച നടപടികള്‍ ഏറെ വിവാദമായിരുന്നു.

സംഭവത്തെക്കുറിച്ച് താനൊന്നും അറിഞ്ഞില്ലെന്ന് പറഞ്ഞ പ്രിന്‍സിപ്പാള്‍, എസ്എഫ്‌ഐ നേതാക്കളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. കോളജില്‍ എസ്എഫ്‌ഐയുടെ യൂനിറ്റ് കമ്മിറ്റി ഓഫിസ് പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചും പ്രിന്‍സിപ്പാള്‍ കൈമലര്‍ത്തുകയും ചെയ്തു. സംഭവം റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരടക്കമുള്ളവരെ കോളജില്‍നിന്ന് പ്രിന്‍സിപ്പാള്‍ പുറത്താക്കുകയായിരുന്നു. കോളജിലെ സംഭവവുമായി ബന്ധപ്പെട്ട് സര്‍വകലാശാലാ വൈസ് ചാന്‍സലറും ഗവര്‍ണറും റിപോര്‍ട്ട് തേടിയിരുന്നു. അതേസമയം, കോളജിന്റെ അവധി രണ്ടുദിവസംകൂടി നീട്ടാനും തീരുമാനമായിട്ടുണ്ട്. ഇനി തിങ്കളാഴ്ചയായിരിക്കും കോളജ് തുറന്നുപ്രവര്‍ത്തിക്കുക. 

Tags:    

Similar News