കേസ് കൊടുത്തതിന് സമുദായത്തിന്‍ നിന്നും സസ്‌പെന്‍ഷന്‍;നീതി നടപ്പിലാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

പുത്തന്‍വേലിക്കര പറമ്പില്‍ ഹൗസില്‍ രാഹുല്‍കൃഷ്ണ നല്‍കിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി. പുത്തന്‍വേലിക്കര വിവേകചന്ദ്രിക സഭാംഗമായ രാഹുല്‍കൃഷ്ണ സഭയുടെ കീഴിലുള്ള ഹയര്‍സെക്കന്ററി സ്‌കൂളില്‍ അറ്റന്റര്‍ തസ്തികയില്‍ അപേക്ഷ നല്‍കിയിരുന്നു.നിയമനം ലഭിക്കാത്തതിനെ തുടര്‍ന്ന് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി ഉണ്ടായതിന്റെ അടിസ്ഥാനത്തില്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുത്തു.വാഹനാപകടത്തില്‍ പരിക്കേറ്റ രാഹുല്‍ കൃത്രിമ കാല്‍ ഉപയോഗിച്ചാണ് നടക്കുന്നത്. അംഗവൈകല്യത്തിന്റെ പേരിലാണ് ജോലി നിഷേധിച്ചത്.ഭാരവാഹികള്‍ മാനസികമായി പീഡിപ്പിക്കുകയും ഊരുവിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തതയി പരാതിയില്‍ പറയുന്ന

Update: 2020-01-31 12:04 GMT

കൊച്ചി :ഹൈക്കോടതിയില്‍ കേസ് കൊടുത്തതിന്റെ പേരില്‍ പുത്തന്‍വേലിക്കര വിവേകചന്ദ്രിക സഭയില്‍ നിന്നും സസ്‌പെന്റ് ചെയ്ത യുവാവിന് ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ഇടപെട്ട് നീതി നടപ്പിലാക്കി നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്.സഭയില്‍ നിന്നും സസ്‌പെന്റ് ചെയ്യുക എന്നത് മനുഷ്യാവകാശ ലംഘനമാണെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. സഭയുടെ ബൈലോയില്‍ അപ്രകാരമൊരു വ്യവസ്ഥയുണ്ടെങ്കില്‍ അത് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. കോടതിയില്‍ കേസ് കൊടുക്കുക എന്നത് ഏതൊരു പൗരന്റെയും അവകാശമാണെന്നും അത് നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.പുത്തന്‍വേലിക്കര പറമ്പില്‍ ഹൗസില്‍ രാഹുല്‍കൃഷ്ണ നല്‍കിയ പരാതിയിലാണ് നടപടി. പുത്തന്‍വേലിക്കര വിവേകചന്ദ്രിക സഭാംഗമായ രാഹുല്‍കൃഷ്ണ സഭയുടെ കീഴിലുള്ള ഹയര്‍സെക്കന്ററി സ്‌കൂളില്‍ അറ്റന്റര്‍ തസ്തികയില്‍ അപേക്ഷ നല്‍കിയിരുന്നു. നിയമനം ലഭിക്കാത്തതിനെ തുടര്‍ന്ന് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.

ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി ഉണ്ടായതിന്റെ അടിസ്ഥാനത്തില്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുത്തു. വാഹനാപകടത്തില്‍ പരിക്കേറ്റ രാഹുല്‍ കൃത്രിമ കാല്‍ ഉപയോഗിച്ചാണ് നടക്കുന്നത്. അംഗവൈകല്യത്തിന്റെ പേരിലാണ് ജോലി നിഷേധിച്ചത്.ഭാരവാഹികള്‍ മാനസികമായി പീഡിപ്പിക്കുകയും ഊരുവിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തതയി പരാതിയില്‍ പറയുന്നു.കമ്മീഷന്‍ വിവേകചന്ദ്രികാ സഭാ സെക്രട്ടറിയില്‍ നിന്നും റിപോര്‍ട്ട് വാങ്ങി. ആരോപണങ്ങള്‍ സഭ നിഷേധിച്ചു.എറണാകുളം സാമൂഹിക നീതി ഓഫീസര്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ അറ്റന്റര്‍ തസ്തികയില്‍ ഭിന്നശേഷിയുള്ളവരെ പരിഗണിക്കില്ലെന്ന് പറയുന്നു. പരാതിക്കാരന് ഊരുവിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. 6 മാസത്തെ സസ്‌പെന്‍ഷന്‍ മാത്രമാണ് സഭ നല്‍കിയിട്ടുള്ളത്. സഭക്കെതിരെ കേസുകൊടുത്താല്‍ സഭയുടെ ബൈലോ പ്രകാരം ഇടക്കാലയളവില്‍ മരണവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ ഒഴികെ മറ്റൊരു ചടങ്ങുകള്‍ക്കും പങ്കെടുക്കാന്‍ പാടില്ല.ഹൈക്കോടതിയിലെ കേസ് പിന്‍വലിച്ചാല്‍ സസ്‌പെന്‍ഷന്‍ റദ്ദാക്കുമെന്ന് സഭ അറിയിച്ചതായി റിപോര്‍ട്ടില്‍ പറയുന്നു.സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞെങ്കിലും പരാതിക്കാരനോട് നിസഹരണം തുടരുന്നതായി കമ്മീഷന്‍ നിരീക്ഷിച്ചു.

Tags:    

Similar News