സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുന്നാക്കസംവരണം പിന്‍വലിക്കണം: വെല്‍ഫെയര്‍ പാര്‍ട്ടി

Update: 2021-05-05 09:36 GMT

തിരുവനന്തപുരം: സംവരണപരിധി 50 ശതമാനം കടക്കരുതെന്ന വിധിയുടെയും ഇന്ദിരാ സാഹ്നി കേസിലെ സാഹചര്യം പുനപ്പരിശോധിക്കേണ്ടതില്ലെന്നുമുള്ള സുപ്രിംകോടതി പരാമര്‍ശത്തിന്റെയും അടിസ്ഥാനത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കൊണ്ടുവന്ന മുന്നാക്കസംവരണം പിന്‍വലിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. സവര്‍ണ സംവരണം നടപ്പാക്കിയതോടെ കേരളത്തില്‍ ഇപ്പോള്‍ സംവരണ പരിധി 60 ശതമാനമാണ്.

ഇന്ദിരാ സാഹ്നി കേസിന്റെ മര്‍മം സംവരണത്തിന്റെ മാനദണ്ഡം സാമ്പത്തിക പിന്നാക്കാവസ്ഥയല്ല, സാമൂഹികവിദ്യാഭ്യാസ രംഗത്തെ പിന്നാക്കാവസ്ഥയാണ് എന്നതാണ്. അതിനാല്‍, സാമ്പത്തിക സംവരണം എന്ന വാദം ഇതോടെ അസാധുവാകുകയാണ്.

സവര്‍ണ സമൂഹങ്ങളെ പ്രീണിപ്പിക്കാനായി കൊണ്ടുവന്ന മുന്നാക്ക സംവരണം എത്രയും വേഗം നിര്‍ത്തലാക്കി സമൂഹികനീതി പുനസ്ഥാപിക്കാന്‍ കേന്ദ്ര- കേരള സര്‍ക്കാരുകള്‍ സന്നദ്ധമാവണം. സാമൂഹികനീതിയെയും നവോത്ഥാനത്തെയും അട്ടിമറിക്കുന്ന സവര്‍ണസംവരണം പിന്‍വലിക്കുക എന്നതാവണം രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രഥമ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: