മരടിലെ ഫ്‌ലാറ്റു പൊളിക്കല്‍: പ്രദേശവാസികളുടെ സുരക്ഷയ്ക്ക് മുന്തിയ പരിഗണന നല്‍കി മാത്രമെ പൊളിക്കല്‍ നടത്തുവെന്ന് അധികൃതര്‍

സമീപവാസികളുടെ ആശങ്ക പരിഹരിക്കാന്‍ മരടിലെ രണ്ടിടങ്ങളില്‍ ഇന്നലെ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തു.കുണ്ടന്നൂര്‍ ജംഗ്ഷനു സമീപത്തുള്ള ഹോളി ഫെയ്ത്ത് ഫ്‌ളാറ്റുകളുടെ പരിസരത്തുള്ളവര്‍ പങ്കെടുത്ത ആദ്യ യോഗം പെട്രോ ഹൗസില്‍ ചേര്‍ന്നു.രണ്ടാമതത്ത യോഗം കണ്ണാടിക്കാട് 'ഗോള്‍ഡന്‍ കായലോരം' ത്തിനു സമീപത്തും നടന്നു.ആല്‍ഫ, ജെയിന്‍ എന്നീ ഫ്‌ളാറ്റുകള്‍ക്ക് സമീപം താമസിക്കുന്നവരുടെ യോഗം അടുത്ത ദിവസം നടക്കും.

Update: 2019-10-14 04:22 GMT

കൊച്ചി: തീരപരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊളിച്ചുമാറ്റാന്‍ സുപ്രിം കോടതി ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റുകള്‍ പ്രദേശവാസികളുടെ സുരക്ഷയക്ക് മുന്തിയ പരിഗണ നല്‍കി മാത്രമെ പൊളിക്കല്‍ നടപ്പാക്കുകയുള്ളുവെന്ന് മരട് നഗരസഭാ സ്‌പെഷ്യല്‍ സെക്രട്ടറിയും ഫോര്‍ട് കൊച്ചി സബ്കലക്ടറുമായ സ്‌നേഹില്‍ കുമാര്‍ സിംഗ്.പൊളിക്കുന്ന ഫ്‌ളാറ്റുകള്‍ക്ക് സമീപം താമസിക്കുന്നവരുടെ ആശങ്ക പരിഹരിക്കുന്നതിന്റെ ഭാഗമായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം..സമീപത്തെ കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും സംരക്ഷിക്കും.പൊളിക്കുന്ന ഘട്ടത്തില്‍ നാശനഷ്ടം ഉണ്ടാവുകയാണെങ്കില്‍ അതു പരിഹരിക്കാന്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പു വരുത്തും.കായല്‍, അന്തരീക്ഷ മലിനീകരണം,തുടങ്ങി എല്ലാ ആശങ്കകള്‍ക്കും വിദഗ്ധരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ പരിഹാരം കണ്ടെത്തും.പന്ത്രണ്ടംഗ ടെക്‌നിക്കല്‍ കമ്മറ്റി വിശദമായ റിപോര്‍ട്ടു തയാറാക്കും. പൊളിക്കുന്നതിനു മുമ്പ് എല്ലാ മുന്‍കരുതല്‍ നടപടികളും കൈക്കൊള്ളുമെന്നും അദ്ദേഹം സമീപ വാസികള്‍ക്ക് ഉറപ്പു നല്‍കി.

സംശയ ദുരീകരണം ആവശ്യമുള്ളവര്‍ക്ക് ഇനിയും അതിനുള്ള അവസരങ്ങള്‍ ഒരുക്കുമെന്നും സബ് കലക്ടര്‍ പറഞ്ഞു.കൂടാതെകെട്ടിടം പൊളിക്കുന്ന കാര്യത്തില്‍ മുന്‍ പരിചയത്തിന്റേയും, സാങ്കേതിക വൈദഗത്വത്തിന്റേയും പരിശോധന നടത്തിയാണ് പൊളിക്കാനുള്ള കമ്പനികളെ ചുമതലപ്പെടുത്തിയിട്ടുള്ളത്.ഫ്‌ളാറ്റ് പൊളിക്കുന്നതിനു മുന്‍പായി സുര ക്ഷത ത്വമാനദണ്ഡങ്ങള്‍ നിശ്ചയിക്കും. പരിസരവാസികള്‍ക്ക് പൊടിശല്യമോ, ആരോഗ്യ പ്രശ്‌നങ്ങളോ, വീടുകള്‍ക്കും മറ്റുമുള്ള നാശനഷ്ടങ്ങളോ ഒഴിവാക്കും വിധമായിരിക്കും കെട്ടിടങ്ങള്‍ പൊളിക്കുന്നത്.സ്ഥലത്തെ മല്‍സ്യ തൊഴിലാളികള്‍ മല്‍സ്യക്കൂട് കൃഷിക്കാര്‍ ,ആടു മാടുകളെ വളര്‍ത്തി ജീവിക്കുന്നവര്‍ എന്നിവരുടെ ആശങ്കകള്‍ക്കും ഇടവരികയില്ലയെന്നും അദ്ദേഹം ഉറപ്പു നല്‍കി.പരിസ്ഥിതി പ്രശ്‌നങ്ങള്‍ പരമാവധി ഒഴിവാക്കുന്നത്തിനു ശ്രമിക്കും. നാശനഷ്ടങ്ങള്‍ക്ക് 100 കോടി രൂപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷയും ഉറപ്പുവരുത്തിയിട്ടുണ്ട്. 100 മീറ്റര്‍ പരിധിയില്‍ താമസിക്കുന്നവര്‍ക്ക് രേഖാമൂലം അറിയിപ്പു നല്‍കും. ആവശ്യമായ എല്ലാ മുന്‍കരുതലുകളും എടുത്ത ശേഷം വിശദമായ പ്ലാന്‍ തയ്യാറാക്കിയ ശേഷം ആളുകളെ ഒഴിപ്പിക്കണമോ എന്നു തീരുമാനിക്കും.വിദഗ്ദരുടെ ഉപദേശങ്ങളും ഇതിനു വേണ്ടി തേടിയിട്ടുണ്ട്.

നിയന്ത്രിത സ്‌പോടനത്തിലൂടെ ആയിരിക്കും പൊളിക്കല്‍ നടത്തുക. ഭൂമിയില്‍ അവശിഷ്ടങ്ങള്‍ വീഴുന്ന ഭാഗത്ത് ജീയോ മാറ്റ് വിരിക്കും, പ്രകമ്പനം തീരെ ഉണ്ടാവാത്ത വിധത്തിലായിരിക്കും നടപ്പിലാക്കുന്നത് പൊളിക്കുന്നതിനു ഒരു മാസം മുന്‍പു തന്നെ കെട്ടിടങ്ങളുടെ ജനല്‍ ചില്ലുകളും മറ്റും മാറ്റും.കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതുമരാമത്തു വകുപ്പു, കെഎംആര്‍എല്‍, ഫെസോ എന്‍ഞ്ചിനീയറിംഗ് വിദഗ്ദര്‍ ഉള്‍പ്പെടെയുള്ളവരാണ് പന്ത്രണ്ടംഗ ടെക്‌നിക്കല്‍ കമ്മിറ്റിയില്‍ ഉളളത്. ഇവരുടെ നിയന്ത്രണവും നീരീക്ഷണവും പൊളിക്കല്‍ പൂര്‍ത്തിയാവും വരെ ഉണ്ടായിരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.എം സ്വരാജ് എംഎല്‍എ, മരട് നരസഭാ ചെയര്‍ പേഴ്‌സണ്‍ ടി എച്ച് നദീറ, ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍, നഗരസഭാ സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാന്‍,വിവിധ സാമൂഹിക സംഘടനാ പ്രതിനിധികള്‍ യോഗങ്ങളില്‍ പങ്കെടുത്തു. മരടിലെ രണ്ടിടങ്ങളിലാണ് ഇന്നലെ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തത്.കുണ്ടന്നൂര്‍ ജംഗ്ഷനു സമീപത്തുള്ള ഹോളി ഫെയ്ത്ത് ഫ്‌ളാറ്റുകളുടെ പരിസരത്തുള്ളവര്‍ പങ്കെടുത്ത ആദ്യ യോഗം പെട്രോ ഹൗസില്‍ ചേര്‍ന്നു.രണ്ടാമതത്ത യോഗം കണ്ണാടിക്കാട് 'ഗോള്‍ഡന്‍ കായലോരം' ത്തിനു സമീപത്തും നടന്നു. ആല്‍ഫ, ജെയിന്‍ എന്നീ ഫ്‌ളാറ്റുകള്‍ക്ക് സമീപം താമസിക്കുന്നവരുടെ യോഗം അടുത്ത ദിവസം നടക്കും.

Tags:    

Similar News