പാമ്പുകടിയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവം: അധ്യാപകര്‍ അനാസ്ഥ കാണിച്ചു; ചികില്‍സ വൈകിയെന്നും സഹപാഠികള്‍

പാമ്പ് കടിച്ചതാണെന്ന് പറഞ്ഞിട്ടും അധ്യാപകര്‍ മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞാണ് ഷഹലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് മറ്റ് വിദ്യാര്‍ഥികള്‍ ആരോപിച്ചു. 3.15ന് സംഭവമുണ്ടായിട്ടും മുക്കാല്‍ മണിക്കൂര്‍ വൈകിയാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. സ്‌കൂള്‍ അധികൃതര്‍ നല്‍കിയ വിവരമനുസരിച്ച് രക്ഷിതാവെത്തിയ ശേഷമാണ് കുട്ടിയെ ബത്തേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Update: 2019-11-21 06:52 GMT

സുല്‍ത്താന്‍ ബത്തേരി: ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ചികില്‍സ നല്‍കാന്‍ വൈകിയെന്ന ആരോപണവുമായി സഹപാഠികളായ വിദ്യാര്‍ഥികള്‍ രംഗത്ത്. പുത്തന്‍കുന്ന് ചിറ്റൂരിലെ അഭിഭാഷക ദമ്പതികളായ അബ്ദുല്‍ അസീസിന്റെയും സജ്‌നയുടെയും മകള്‍ ഷഹല ഷെറിനാണ് (10) കഴിഞ്ഞ ദിവസം പാമ്പുകടിയേറ്റ് മരിച്ചത്. ബത്തേരി ഗവ. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ബുധനാഴ്ച വൈകീട്ട് ക്ലാസ് സമയത്താണ് പാമ്പുകടിയേറ്റത്. എന്നാല്‍, പാമ്പ് കടിച്ചതാണെന്ന് പറഞ്ഞിട്ടും അധ്യാപകര്‍ മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞാണ് ഷഹലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് മറ്റ് വിദ്യാര്‍ഥികള്‍ ആരോപിച്ചു. 3.15ന് സംഭവമുണ്ടായിട്ടും മുക്കാല്‍ മണിക്കൂര്‍ വൈകിയാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. സ്‌കൂള്‍ അധികൃതര്‍ നല്‍കിയ വിവരമനുസരിച്ച് രക്ഷിതാവെത്തിയ ശേഷമാണ് കുട്ടിയെ ബത്തേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പാമ്പുകടിച്ചതായി ഷഹല അധ്യാപകരോട് പലതവണ പറഞ്ഞിരുന്നു. കുട്ടിയുടെ കാലിന് നീല നിറവുമുണ്ടായിരുന്നു. ഷഹലയ്ക്ക് വിറയലും അനുഭവപ്പെട്ടിരുന്നു. തന്നെ ആശുപത്രിയില്‍ കൊണ്ടുപോവണമെന്നും വിദ്യാര്‍ഥിനി ആവശ്യപ്പെട്ടു. എന്നാല്‍, കുട്ടിയെ പാമ്പ് കടിച്ചതല്ല, ആണി കൊണ്ടതാണെന്നാണ് പ്രധാനാധ്യാപകന്‍ പറഞ്ഞത്. സ്വന്തമായി വാഹനമുള്ള അധ്യാപകരുണ്ടായിട്ടും കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറായില്ല. ഒരു അധ്യാപിക ആശുപത്രിയില്‍ കൊണ്ടുപോവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, പ്രധാനാധ്യാപകന്‍ നിരസിക്കുകയായിരുന്നു. തുടര്‍ന്ന് അധ്യാപിക സ്‌കൂള്‍ വിട്ട് ഇറങ്ങിപ്പോവുകയാണ് ചെയ്തത്. ടോയ്‌ലറ്റില്ല, ബക്കറ്റില്ല, വെള്ളമില്ല. ചെരുപ്പിട്ട് ക്ലാസില്‍ കയറാന്‍ അനുവദിക്കാറില്ലെന്നും വിദ്യാര്‍ഥിനികള്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, വിദ്യാര്‍ഥിനികളുടെ ആരോപണം അധ്യാപകര്‍ നിഷേധിച്ചു. ആശുപത്രിയില്‍ കൊണ്ടുപോവാന്‍ വൈകിയിട്ടില്ലെന്നാണ് അവര്‍ പറയുന്നത്.

പാമ്പുകടിച്ചതെന്ന് അറിഞ്ഞിരുന്നില്ല. രക്ഷകര്‍ത്താവ് വന്നിട്ട് ആശുപത്രിയില്‍ കൊണ്ടുപോയാല്‍ മതിയെന്ന് പറഞ്ഞതുകൊണ്ടാണ് അങ്ങനെ ചെയ്തത്. കംപ്യൂട്ടറുള്ളതിനാലാണ് ചെരുപ്പിട്ട് കയറാന്‍ ക്ലാസ് മുറിയില്‍ അനുവദിക്കാത്തത്. അല്ലാതെ ചെരുപ്പ് ഇടരുതെന്ന് പറഞ്ഞിട്ടില്ലെന്നും പ്രധാനാധ്യാപകന്‍ മോഹനന്‍ പറയുന്നു. അതേസമയം, കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോള്‍ ഡോക്ടര്‍ക്കും പാമ്പുകടിച്ചതാണെന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചിരുന്നില്ല. പിന്നീട് റഫര്‍ ചെയ്തതനുസരിച്ചു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോവുന്നതിനിടെയായിരുന്നു മരണം. ഷെഹല ഷെറിന്‍ പാമ്പുകടിയേറ്റുമരിച്ച ബത്തേരി സര്‍ക്കാര്‍ സര്‍വജന സ്‌കൂളിലെ ക്ലാസ് മുറികളില്‍ ഇഴജന്തുക്കള്‍ക്ക് കയറിക്കൂടാവുന്ന തരത്തിലുള്ള നിരവധി മാളങ്ങളുള്ളതായ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതില്‍ ഒരു വിടവില്‍ കാല്‍ പെട്ടപ്പോഴാണ് കുട്ടിയുടെ കാല്‍ മുറിഞ്ഞത്. അധ്യയനവര്‍ഷം ആരംഭിക്കുന്നത് മുമ്പ് ഫിറ്റ്‌നസ് പരിശോധിക്കണമെന്ന നിബന്ധന പാലിക്കുന്നതില്‍ വീഴ്ചയുണ്ടെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. 

Tags:    

Similar News