ഓഡിറ്റോറിയത്തിന് അനുമതി നല്‍കാത്തതില്‍ മനംനൊന്ത് ആത്മഹത്യ; ഡിസിസി എസ്പിക്ക് പരാതി നല്‍കി

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജില്ലാ പോലിസ് ചീഫ് തന്നെ കേസ് അന്വേഷിച്ച് കാരണക്കാരായവര്‍ക്കെതിരേ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും സതീരന്‍ പാച്ചേനി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു

Update: 2019-06-18 19:38 GMT

കണ്ണൂര്‍: കോടികള്‍ ചെലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഓഡിറ്റോറിയത്തിനു ആന്തൂര്‍ നഗരസഭാ അധികൃതര്‍ പ്രവര്‍ത്തനാനുമതി വൈകിപ്പിച്ചതില്‍ മനംനൊന്ത് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ജില്ലാ പോലിസ് ചീഫിനു പരാതി നല്‍കി. പാര്‍ത്ഥാസ് കണ്‍വന്‍ഷന്‍ സെന്റര്‍ ഉടമ കണ്ണൂര്‍ കൊറ്റാളി കുറ്റിക്കോല്‍ നെല്ലിയോട്ടെ സാജന്‍ പാറയിലിനെയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നൈജീരിയയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് സമ്പാദിച്ച 16 കോടിയോളം രൂപ മുടക്കി ബക്കളത്ത് കണ്‍വന്‍ഷന്‍ സെന്റര്‍ നിര്‍മിച്ചെങ്കിലും കെട്ടിട നമ്പറിന് അപേക്ഷ നല്‍കിയപ്പോള്‍ നിസ്സാര കാരണങ്ങള്‍ പറഞ്ഞ് ആന്തൂര്‍ നഗരസഭ അധികൃതര്‍ തടഞ്ഞുവച്ചെന്നാണ് ആരോപണം. നിര്‍മാണം നടന്നുകൊണ്ടിരിക്കെ നിയമലംഘനമുണ്ടെന്ന് പറഞ്ഞ് കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരേ സജന്‍ നല്‍കിയ പരാതിയില്‍ ഉന്നതല സംഘം നടത്തിയ അന്വേഷണത്തില്‍ നിയമലംഘനം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇക്കാര്യം നഗരസഭ ചെയര്‍പേഴ്‌സണ്‍ പി കെ ശ്യാമളയുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അവഗണിച്ചെന്നു പാര്‍ത്ഥ ബില്‍ഡേഴ്‌സ് മാനേജര്‍ സജീവന്‍ ആരോപിച്ചു.

    സാജന്റെ ആത്മഹത്യയിലേക്ക് നയിച്ചതില്‍ ഉന്നതതല അന്വേഷണം നടത്തണമെന്നും സംഭവത്തില്‍ ആന്തൂര്‍ നഗരസഭയുടെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി കണ്ണൂര്‍ ജില്ലാ പോലിസ് ചീഫിനു പരാതി നല്‍കിയത്. നിയമങ്ങളും ചട്ടങ്ങളും പാലിച്ച് എല്ലാവിധ സാങ്കേതികാനുമതികളും നേടി ഓഡിറ്റോറിയം പണികഴിപ്പിച്ച ശേഷം പ്രവര്‍ത്തനാനുമതി നല്‍കാത്തത് നഗരസഭയുടെ വീഴ്ചയാണ്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജില്ലാ പോലിസ് ചീഫ് തന്നെ കേസ് അന്വേഷിച്ച് കാരണക്കാരായവര്‍ക്കെതിരേ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും സതീരന്‍ പാച്ചേനി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സിപിഎം എതില്ലാതെ തിരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ ഏക നഗരസഭയാണ് ആന്തൂര്‍. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം വി ഗോവിന്ദന്‍ മാസ്റ്ററുടെ ഭാര്യ പി കെ ശ്യാമളയാണ് ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍.







Tags:    

Similar News