നെയ്യാറ്റിന്‍കര ആത്മഹത്യ: വീടും സ്ഥലവും വാങ്ങാനിരുന്നയാളെ ചോദ്യം ചെയ്യും; മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

കാനറാ ബാങ്ക് റീജ്യനല്‍ മാനേജരും തിരുവനന്തപുരം ജില്ലാ കലക്ടറും മൂന്നാഴ്ചക്കകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കേസ് ജൂണ്‍ 13ന് തിരുവനന്തപുരത്ത് പരിഗണിക്കും.

Update: 2019-05-15 08:15 GMT

 തിരുവനന്തപുരം: വീട്ടമ്മയും മകളും തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വസ്തു വാങ്ങാനായി ഏറ്റിരുന്നയാള്‍ അവസാന നിമിഷവും എത്താത്തത് സംശയത്തിനിടയാക്കിയ സാഹചര്യത്തില്‍ ഇയാളെയും ചോദ്യം ചെയ്യുമെന്ന് പോലിസ് അറിയിച്ചു. ഇടപാടിന്റെ ഇടനിലക്കാരനെയും പോലിസ് ചോദ്യം ചെയ്യും. വില്‍പ്പന നടക്കാതിരിക്കാന്‍ അറസ്റ്റിലായ ഭര്‍ത്താവ് ചന്ദ്രനോ മറ്റ് ബന്ധുക്കളോ ഇടപെട്ടോ എന്നായിരിക്കും പ്രധാനമായും അന്വേഷിക്കുക.

അതിനിടെ, സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. കാനറാ ബാങ്ക് റീജ്യനല്‍ മാനേജരും തിരുവനന്തപുരം ജില്ലാ കലക്ടറും മൂന്നാഴ്ചക്കകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കേസ് ജൂണ്‍ 13ന് തിരുവനന്തപുരത്ത് പരിഗണിക്കും. കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കാണ് കേസ് രജിസ്റ്റര്‍ ചെയ്ത് നോട്ടിസയക്കാന്‍ ഉത്തരവിട്ടത് .മനുഷ്യാവകാശ പ്രവര്‍ത്തകനായ പി കെ രാജു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

15 വര്‍ഷംമുന്‍പ് കനറാബാങ്കിന്റെ നെയ്യാറ്റിന്‍കര ശാഖയില്‍നിന്ന് പത്ത് സെന്റ് സ്ഥലം ഈടുവെച്ച് ചന്ദ്രന്‍ അഞ്ചുലക്ഷം രൂപ ഭവനവായ്പയെടുത്തിരുന്നു. എടുത്ത വായ്പയില്‍ എട്ടുലക്ഷത്തോളം രൂപ പലപ്പോഴായി അടച്ചു. ഇനി 6.85 ലക്ഷംകൂടി അടയ്ക്കണം. ഒന്നരമാസത്തിനകം വീടും സ്ഥലവും വിറ്റ് കുടിശ്ശിക തീര്‍ക്കാമെന്ന് ധാരണയുണ്ടാക്കി. ഇതിനിടെ ചൊവ്വാഴ്ച ഉച്ചയ്ക്കകം കുടിശ്ശിക അടച്ചില്ലെങ്കില്‍ വീടും സ്ഥലവും ജപ്തിചെയ്യുമെന്ന് ബാങ്ക് അധികൃതര്‍ ഇവരെ അറിയിച്ചു. ഇതേ തുടര്‍ന്ന് 50 ലക്ഷത്തിന് മുകളില്‍ വില പറഞ്ഞ വസ്തു 24 ലക്ഷത്തിന് വില്‍ക്കുന്നതിനായി ബാലരാമപുരം സ്വദേശിയുമായി ധാരണയുണ്ടായിരുന്നു. ഇന്നലെയാണ് പണം നല്‍കാമെന്ന് ഏറ്റിരുന്ന തീയ്യതി.

ഇന്നലെ പലപ്രാവശ്യം ഇടനിലക്കാരനുമായി ചന്ദ്രന്‍ ഫോണില്‍ സംസാരിച്ചിരുന്നു. അപ്പോഴെല്ലാം അഡ്വാന്‍സ് തുക ഉച്ചയ്ക്കുമുമ്പായി കൈമാറുമെന്നാണ് പറഞ്ഞത്. ഇടനിലക്കാരെ മാറിമാറി വിളിച്ചെങ്കിലും ഉച്ചയായിട്ടും പണമെത്തിയില്ല. തുടര്‍ന്നാണ് വീട്ടമ്മയും മകളും ആത്മഹത്യ ചെയ്തത്.

നേരത്തെ ഭർത്താവും ഭർത്താവിന്‍റെ അമ്മയും മറ്റ് 2 ബന്ധുക്കളുമാണ് മരണത്തിന് കാരണമെന്ന ലേഖയുടെ ആത്മഹത്യാക്കുറിപ്പ് വീട്ടിൽ നിന്ന് പോലിസ് കണ്ടെടുത്തിരുന്നു. സംഭവത്തിൽ ലേഖയുടെ കുറിപ്പ് തള്ളാതെ ഭർത്താവ് ചന്ദ്രൻ രംഗത്തുവന്നു. അമ്മയും ലേഖയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും ചന്ദ്രൻ പൊലീസിന് മൊഴി നല്‍കി. താൻ മന്ത്രവാദം ചെയ്തിട്ടുണ്ടെന്നും ചന്ദ്രൻ മൊഴി നല്‍കി.

വായ്പ തിരിച്ചടക്കാൻ ഭർത്താവ് ഒന്നും ചെയ്തില്ലെന്നും മാനസികമായി നിരന്തരം പീഡിപ്പിച്ചെന്നും കുറിപ്പിൽ പരാമര്‍ശമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ലേഖയുടെ ഭർത്താവ് ചന്ദ്രൻ, ചന്ദ്രന്‍റെ അമ്മ കൃഷ്ണമ്മ, കൃഷ്ണമ്മയുടെ സഹോദരി ശാന്തമ്മ, അവരുടെ ഭർത്താവ് കാശിനാഥൻ എന്നിവരെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. 

Tags: