വിദ്യാര്‍ഥിനി ബസ് ഇടിച്ചു മരിച്ചു; ബസ്റ്റാന്റ് ഉപരോധിച്ച് സഹപാഠികളുടെ പ്രതിഷേധം

കോളജിലെ അവസാനവര്‍ഷ ബികോം വിദ്യാര്‍ഥിനിയായ ലയ ഡേവിഡാണ് അപകടത്തില്‍ മരിച്ചത്.

Update: 2022-03-23 13:49 GMT

തൃശൂര്‍: കോളജ് വിദ്യാര്‍ഥിനി ബസ്സ് ഇടിച്ച് മരിച്ചതില്‍ പ്രതിഷേധിച്ച് ബസ് സ്റ്റാന്റ് ഉപരോധിച്ച് സഹപാഠികള്‍. ഇരിങ്ങാലക്കുട നഗരസഭാ ബസ് സ്റ്റാന്റാണ് സെന്റ് ജോസഫ് സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ ഉപരോധിച്ചത്. കൊടുങ്ങല്ലൂര്‍ തൃശൂര്‍ റോഡില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന വിദ്യാര്‍ഥിയെ അമിത വേഗതയിലെത്തിയ ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ജീവന്‍ കളയുന്ന മത്സരയോട്ടം വേണ്ടെന്നും റോഡില്‍ പൊലിയാനുള്ളതല്ല ജീവനെന്നും വിദ്യാര്‍ഥികള്‍ മുദ്രാവാക്യം മുഴക്കി.

സ്റ്റാന്റിന്റെ പ്രധാന കവാടം തടഞ്ഞായിരുന്നു വിദ്യാര്‍ഥിനികളുടെ പ്രതിഷേധം. ബസ്സുകളുടെ മത്സരയോട്ടം കാരണമാണ് ജീവന്‍ പൊലിഞ്ഞതെന്നും ഇനി ഒരു ജീവന്‍ പോലും നിരത്തില്‍ ഇല്ലാതാകരുതെന്നും വിദ്യാര്‍ഥിനികള്‍ ആവശ്യപ്പെട്ടു. സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസ്സുകളില്‍ കയറിയും വിദ്യാര്‍ഥികള്‍ ബോധവല്‍ക്കരണം നടത്തി.

കോളജിലെ അവസാനവര്‍ഷ ബികോം വിദ്യാര്‍ഥിനിയായ ലയ ഡേവിഡാണ് അപകടത്തില്‍ മരിച്ചത്. കോളജിലെ യാത്രയയപ്പു പരിപാടിയില്‍ പങ്കെടുക്കാന്‍ അച്ഛനൊപ്പം സ്‌കൂട്ടറില്‍ വരികയായിരുന്നു ലയ. കരുവന്നൂര്‍ ചെറിയ പാലത്തിനു സമീപത്ത് വച്ച് സ്‌കൂട്ടറില്‍ ബസ് ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ലയയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Tags:    

Similar News