കായികമേളയ്ക്കിടെ വീണ്ടും അപകടം; ഹാമറിന്റെ കമ്പി പൊട്ടി വിദ്യാര്‍ഥിക്ക് പരിക്ക്

പരിക്കേറ്റ കോഴിക്കോട് രാമകൃഷ്ണ മിഷ്യന്‍ സ്‌കൂളിലെ വിദ്യാര്‍ഥി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. അതേസമയം അപകടം സാങ്കേതിക പിഴവാണെന്നാണ് വിവരം.

Update: 2019-11-08 08:39 GMT

കോഴിക്കോട്: റവന്യു ജില്ല സ്‌കൂള്‍ കായികമേളയ്ക്കിടെ വീണ്ടും അപകടം. ഹാമറിന്റെ കമ്പി പൊട്ടിയാണ് അപകടമുണ്ടായത്. ഹാമര്‍ ദൂരേക്ക് തെറിച്ചുപോയെങ്കിലും കമ്പി വിദ്യാര്‍ഥിയുടെ കൈയ്യില്‍ ഇടിച്ച് നടുവിരലിന് പരിക്കേറ്റു.

പരിക്കേറ്റ കോഴിക്കോട് രാമകൃഷ്ണ മിഷ്യന്‍ സ്‌കൂളിലെ വിദ്യാര്‍ഥി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. അതേസമയം അപകടം സാങ്കേതിക പിഴവാണെന്നാണ് വിവരം. അഞ്ച് കിലോ തൂക്കമുള്ള ഹാമറിന് പകരം കുട്ടിക്ക് ഏഴര കിലോ തൂക്കമുള്ള ഹാമറാണ് നല്‍കിയതെന്നും ഇത് ഉപയോഗിച്ച് പരിചയമില്ലാതിരുന്ന കുട്ടി അപകടത്തില്‍ പെട്ടുവെന്നുമാണ് ലഭിക്കുന്ന വിവരം.

സംസ്ഥാനത്ത് കായികമേളകളില്‍ അപകടം ഒഴിവാക്കാന്‍ മുന്‍കരുതലെടുക്കുമെന്ന് കായിക മന്ത്രി ഇ പി ജയരാജന്‍ നിയമസഭയില്‍ പറഞ്ഞ് ദിവസങ്ങള്‍ കഴിയുന്നതിന് മുന്‍പാണ് വീണ്ടും അപകടം ഉണ്ടായിരിക്കുന്നത്. പാലായില്‍ കായികമേളക്കിടെ ഹാമര്‍ തലയില്‍ വീണ് പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അഫീല്‍ ജോണ്‍സണ്‍ മരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കായികമേളകളില്‍ അപകടം ഒഴിവാക്കാന്‍ മുന്‍കരുതലെടുക്കുമെന്ന് മന്ത്രി പറഞ്ഞത്.

Tags: