വിദ്യാര്‍ഥിനിയുടെ ആത്മഹത്യ വേദനാജനകമെന്ന് ഹൈക്കോടതി;സൗജന്യ വിദ്യാഭ്യാസ അവകാശ നിയമം നിലനില്‍ക്കെയാണ് ഇത്തരം സംഭവമെന്ന് ഓര്‍മ്മിക്കണം

ഓണ്‍ലൈന്‍ പഠനം ആരംഭിച്ചതോടെ ടിവിയും സ്മാര്‍ട്ട്‌ഫോണും ഇല്ലാത്തതില്‍ മനംനൊന്താണ് വിദ്യാര്‍ത്ഥിന ദേവിക ആത്മഹത്യ ചെയ്തത്.വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത വിഷയം പൊതുതാല്‍പര്യ ഹരജിയായി പരിഗണിക്കുമെന്നും ഹൈക്കോടതി അറിയിച്ചു

Update: 2020-06-03 15:15 GMT

കൊച്ചി: മലപ്പുറത്ത് വളാഞ്ചേരിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ദേവിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. ഓണ്‍ലൈന്‍ പഠനം ആരംഭിച്ചതോടെ ടിവിയും സ്മാര്‍ട്ട്‌ഫോണും ഇല്ലാത്തതില്‍ മനംനൊന്താണ് വിദ്യാര്‍ത്ഥിന ദേവിക ആത്മഹത്യ ചെയ്തത്.സൗജന്യ വിദ്യാഭ്യാസ അവകാശ നിയമം നിലനില്‍ക്കുന്ന സമയത്ത് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ വേദനാജനകമെന്നു കോടതി വ്യക്തമാക്കി. വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത വിഷയം പൊതുതാല്‍പര്യ ഹരജിയായി പരിഗണിക്കുമെന്നും ഹൈക്കോടതി അറിയിച്ചു.രാജ്യത്ത് സൗജന്യ വിദ്യാഭ്യാസ അവകാശ നിയമം നിലനില്‍ക്കെയാണ് ഇത്തരം സംഭവങ്ങളെന്നത് ഓര്‍മ്മിക്കണമെന്നും കോടതി പറഞ്ഞു.

കൊല്ലത്തെ സിബിഎസ്ഇ സ്‌കൂള്‍ ഓണ്‍ ലൈന്‍ ക്ലാസിന് അമിതമായി ഫീസ് ഈടാക്കുന്നുവെന്ന് ചൂണ്ടികാട്ടി കൊല്ലം ജില്ലയിലെ ശ്രീബുദ്ധ സെന്‍ട്രല്‍ സ്‌കൂളിലെ രണ്ട് വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജി പരിഗണക്കവെയാണ് കോടതിയുടെ പരാമര്‍ശം. ഓണ്‍ ലൈന്‍ ക്ലാസ് നടത്തുമ്പോള്‍ ട്യൂഷന്‍ ഫീസ് ഒഴികെ മറ്റ് ഫീസുകള്‍ ഇനിയൊരുത്തരവുണ്ടാകുന്നതു വരെ അമിതമായി വാങ്ങരുതെന്ന് ഹരജിയിലെ എതിര്‍കക്ഷിയായ സ്‌കൂളിന് കോടതി നിര്‍ദ്ദേശം നല്‍കി. ഓണ്‍ ലൈന്‍ ക്ലാസുകളും ഫീസും പൊതു താല്‍പര്യമുള്ള വിഷയമാണെന്നും കോടതി സൂചിപ്പിച്ചു. പൊതുതാല്‍പര്യ ഹരജിയായി പരിഗണക്കേണ്ട വിഷയമായതുകൊണ്ടു ഡിവിഷന്‍ ബഞ്ചിനു വിടുകയാണെന്നു കോടതി വ്യക്തമാക്കി.

അമിതമായ ഫീസ് ഈടാക്കുകയും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി ഇന്റര്‍നെറ്റ് സൗകര്യമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് അധികൃതര്‍ നിര്‍ബന്ധിക്കുകയാണെന്നും ഹരജിയില്‍ ആരോപിച്ചു. കോവിഡ് പകര്‍ച്ചവ്യാധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ പല സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഫീസടയ്ക്കാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കരുതെന്നു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഹരജിയില്‍ പറയുന്നു. ഹരജി പിന്നീട് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയ്ക്ക് അയക്കാന്‍ രജിസ്ട്രിക്ക് നിര്‍ദ്ദേശം നല്‍കി.  

Tags:    

Similar News