കോട്ടയത്ത് ശക്തമായ കാറ്റും മഴയും; ഈരാറ്റുപേട്ടയില്‍ വ്യാപകനാശം (വീഡിയോ)

നടയ്ക്കല്‍ അമാന്‍ ജുമാ മസ്ജിദിനു സമീപം റോഡിനു കുറുകെ മരം വീണു. വൈദ്യുതി പോസ്റ്റ് ഉള്‍പ്പെടെ റോഡിലേക്ക് വീണതിനെത്തുടര്‍ന്ന് ഒരുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

Update: 2021-03-29 15:47 GMT

കോട്ടയം: ശക്തമായ കാറ്റിലും മഴയിലും ജില്ലയില്‍ വ്യാപകനാശം. കടുത്ത വേനല്‍ തുടരുന്നതിനിടെയാണ് ഇന്ന് വൈകീട്ടോടെയാണ് ജില്ലയില്‍ ഇടിമിന്നലോടുകൂടിയ കനത്ത മഴ പെയ്തത്. പല സ്ഥലങ്ങളിലും കാറ്റിലും മഴയിലും വ്യാപകനാശവുമുണ്ടായി.

Full View

ഈരാറ്റുപേട്ടയിലാണ് മഴ കൂടുതല്‍ നാശംവിതച്ചത്. നിരവധി വീടുകള്‍ക്കും കടകള്‍ക്കും നാശനഷ്ടമുണ്ടായി. പത്താഴപ്പടി, കീരിയാതൊട്ടം, കാരയ്ക്കാട്, നടയ്ക്കല്‍ പ്രദേശങ്ങളിലാണ് മഴക്കെടുതിയുണ്ടായത്.


 നടയ്ക്കല്‍ അമാന്‍ ജുമാ മസ്ജിദിനു സമീപം റോഡിനു കുറുകെ മരം വീണു. വൈദ്യുതി പോസ്റ്റ് ഉള്‍പ്പെടെ റോഡിലേക്ക് വീണതിനെത്തുടര്‍ന്ന് ഒരുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.


 നാട്ടുകാരും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മരം മുറിച്ചുമാറ്റിയശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. പത്താഴപ്പടിയില്‍ വെള്ളാത്തോട്ടം നൗഷാദിന്റെ വീടിന് മുന്നില്‍ ഇട്ടിരുന്ന തകരഷീറ്റ് കൊണ്ടുള്ള റൂഫിങ് പൂര്‍ണമായും തകര്‍ന്നു.


 നിര്‍ത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക് മരം വീണ് കാര്‍ തകരുകയും ചെയ്തു. ഒന്നരമണിക്കൂറോളമാണ് നിര്‍ത്താതെ മഴ പെയ്തത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ നാശനഷ്ടത്തിന്റെ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ.


 മധ്യകേരളത്തില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Tags: