സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിനായി ഇന്ന് മുതല്‍ കര്‍ശന പരിശോധന

അതിര്‍ത്തികളിലും ഇന്നുമുതല്‍ പരിശോധന ശക്തമാക്കും. ഇതരസംസ്ഥാന തൊഴിലാളികളുടെ കാംപുകളിലും പ്രത്യേക പരിശോധനയുണ്ടാകും.

Update: 2020-03-15 01:39 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിനായി ഇന്ന് മുതല്‍ കര്‍ശന പരിശോധന. വിമാനത്താവളങ്ങളില്‍ എസ്പിമാരുടെ നേതൃത്വത്തില്‍ പരിശോധന നടക്കും. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ 24 പോയിന്റുകളില്‍ ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ മുഴുവന്‍ വാഹനങ്ങളും പരിശോധിക്കും. സംസ്ഥാനത്തേക്ക് എത്തുന്ന ട്രെയിനുകളില്‍ ഓരോ കോച്ചിലും പ്രത്യേകസംഘം കര്‍ശന പരിശോധന നടത്തും.

അതിര്‍ത്തികളിലും ഇന്നുമുതല്‍ പരിശോധന ശക്തമാക്കും. ഇതരസംസ്ഥാന തൊഴിലാളികളുടെ കാംപുകളിലും പ്രത്യേക പരിശോധനയുണ്ടാകും. വീടുകളില്‍ അടക്കം നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവും മരുന്നും ഉള്‍പ്പടെ ഉറപ്പാക്കാന്‍ ഉള്ള ശ്രമങ്ങളും സജീവമാക്കും. കൂടുതല്‍ സാംപിള്‍ പരിശോധനാ ഫലങ്ങളും ഇന്ന് ലഭിക്കും. കേരള തമിഴ്‌നാട് അതിര്‍ത്തിയായ നാടുകാണി ചുരത്തില്‍ യാത്രക്കാരെ ഇന്ന് മുതല്‍ പരിശോധനക്ക് വിധേയരാക്കും.

ആരോഗ്യ വകുപ്പും പോലിസും സംയുക്തമായാണ് പരിശോധനക്കുള്ള സൗകര്യമൊരുക്കുക. ബസുകള്‍, ചരക്കു വാഹനങ്ങള്‍, മറ്റു സ്വകാര്യ യാത്രാ വാഹനങ്ങള്‍ എന്നിവയില്‍ മലപ്പുറം ജില്ലയിലേക്കെത്തുന്നവരുടെ ആരോഗ്യ സ്ഥിതി പരിശോധിച്ച് സംഘം ഉറപ്പുവരുത്തും. രോഗ ലക്ഷണങ്ങളുള്ളവരെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിക്കും. കൊവിഡ്19 ആശങ്ക അവസാനിക്കുന്നതുവരെ സംസ്ഥാന അതിര്‍ത്തിയില്‍ പരിശോധന തുടരാനാണ് ആരോഗ്യ വകപ്പിനും പോലിസിനും ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. 

Tags:    

Similar News