സംസ്ഥാനത്ത് നടക്കുന്ന ദുരൂഹമായ സര്‍വേകള്‍ നിര്‍ത്തിവയ്ക്കണം: എസ്ഡിപിഐ
പൗരത്വ വിഷയത്തില്‍ കടുത്ത ആശങ്ക നിലനില്‍ക്കെ സംസ്ഥാനത്ത് നടക്കുന്ന ഇത്തരം സര്‍വേകള്‍ ജനങ്ങളില്‍ വലിയ ഭയം സൃഷ്ടിച്ചിരിക്കുകയാണ്.
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരേ ദേശവ്യാപകമായി പ്രക്ഷോഭം നടക്കുന്നതിനിടയില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, ജനമൈത്രീ പോലിസ് എന്നിവരെ ഉപയോഗിച്ച് നടത്തുന്ന ദുരൂഹമായ കുടുംബസര്‍വേകള്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കുടുംബസര്‍വേകളില്‍ മുന്‍കാലങ്ങളില്‍ ഇല്ലാതിരുന്ന ജാതിമത വിഭാഗങ്ങളുടെ വിശദമായ വിവരശേഖരണമാണ് ഇപ്പോള്‍ നടത്തുന്നത്. പൗരത്വ വിഷയത്തില്‍ കടുത്ത ആശങ്ക നിലനില്‍ക്കെ സംസ്ഥാനത്ത് നടക്കുന്ന ഇത്തരം സര്‍വേകള്‍ ജനങ്ങളില്‍ വലിയ ഭയം സൃഷ്ടിച്ചിരിക്കുകയാണ്. സാമൂഹികക്ഷേമ വകുപ്പിനെ ഉപയോഗിച്ച് നടപ്പാക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ പോഷന്‍ അഭിയാന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സര്‍വേയില്‍ വീടിന്റെ ലൊക്കേഷന്‍ ഉള്‍പ്പടെ പകര്‍ത്തിയെടുക്കുന്നുണ്ട്.
സാമൂഹികനീതി വകുപ്പിന്റെ പ്രധാന ഫണ്ടുകളെല്ലാം കേന്ദ്രസര്‍ക്കാരിന്റേതായിരിക്കെ, അങ്കണവാടികളിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ കേന്ദ്രത്തിന് കൈമാറുമെന്ന് ഉറപ്പാണ്. എന്‍പിആര്‍ ഉത്തരവ് മരവിപ്പിച്ച കേരളത്തില്‍ കേന്ദ്രം നല്‍കിയ ഫണ്ടും സ്മാര്‍ട്ട് ഫോണും ഉപയോഗിച്ച് നടത്തുന്ന സര്‍വേ നടപടികള്‍ എത്രയുംവേഗം നിര്‍ത്തിവയ്ക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.