എല്ലാമാസവും ജില്ലാതലത്തില്‍ എസ്എച്ച്ഒ കോണ്‍ഫറന്‍സ് നടത്താന്‍ നിര്‍ദ്ദേശം

എല്ലാ മാസവും മുന്‍ നിശ്ചയിച്ച തീയതിയില്‍ നടത്തുന്ന എസ്എച്ച്ഒമാരുടെ യോഗത്തിന്‍റെ നടപടിക്കുറിപ്പ് സംസ്ഥാന പോലിസ് മേധാവിക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്ക് അയച്ചുകൊടുക്കണം.

Update: 2020-01-12 09:30 GMT

തിരുവനന്തപുരം: ജില്ലാ പോലിസ് മേധാവിമാര്‍ ഇപ്പോള്‍ എല്ലാ മാസവും നടത്തുന്ന ക്രൈം കോണ്‍ഫറന്‍സിന് പുറമേ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ കോണ്‍ഫറന്‍സ് കൂടി നടത്തണമെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശിച്ചു.

എല്ലാ മാസവും മുന്‍ നിശ്ചയിച്ച തീയതിയില്‍ നടത്തുന്ന എസ്എച്ച്ഒമാരുടെ യോഗത്തിന്‍റെ നടപടിക്കുറിപ്പ് സംസ്ഥാന പോലിസ് മേധാവിക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്ക് അയച്ചുകൊടുക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ക്രൈം കോണ്‍ഫറന്‍സും എസ്എച്ച്ഒ കോണ്‍ഫറന്‍സും ഒരുമിച്ച് നടത്താന്‍ പാടില്ലായെന്നും സംസ്ഥാന പോലിസ് മേധാവി വ്യക്തമാക്കിയിട്ടുണ്ട്. ജനുവരി നാലിന് തൃശൂരിലെ കേരളാ പോലിസ് അക്കാഡമിയില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എസ്എച്ച്ഒ കോണ്‍ഫറന്‍സിന്‍റെ തുടര്‍ച്ചയാണ് ഈ നടപടി.

ജനമൈത്രിയുമായി ബന്ധപ്പെട്ട ജോലികള്‍, ഇന്‍ ഹൗസ് പരിശീലന പരിപാടികള്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ആധുനീകരണ ജോലികള്‍, സാങ്കേതിക വിദ്യയുടെ ഉപയോഗം, ഹരിതചട്ടം പാലിക്കല്‍, ശുചിത്വ പരിപാലനം, പൊതുജനങ്ങളുടെ സംതൃപ്തി എന്നിവയും ക്രൈം ആന്‍റ് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ്വര്‍ക്ക് സിസ്റ്റത്തിന്‍റെ പ്രവര്‍ത്തനവും യോഗം വിലയിരുത്തും. പോലിസ് സ്റ്റേഷനുകളുടെ ഉത്തരവാദിത്തം വര്‍ദ്ധിപ്പിക്കുന്നതിനും കൂടുതല്‍ പൊതുജന സൗഹൃദമാക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ നിര്‍ദ്ദേശം. അതോടൊപ്പം തന്നെ പോലിസ് സ്റ്റേഷനുകളിലെ മനുഷ്യവിഭവശേഷി സംബന്ധിച്ച കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്നും ജില്ലാ പോലിസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഇനി മുതല്‍ എല്ലാ മാസവും അവസാനത്തെ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ സംസ്ഥാന പോലിസ് മേധാവി എല്ലാ എസ്എച്ച്ഒമാരുമായും വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കും. എല്ലാ ജില്ലാ പോലിസ് മേധാവിമാരും സബ്ബ് ഡിവിഷണല്‍ പോലിസ് ഓഫീസര്‍മാരും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. പോലിസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം ഏറ്റവും മികച്ചതാക്കാനും നീതിപൂര്‍വ്വവും പക്ഷപാതരഹിതവുമായ പ്രഫഷണല്‍ സേവനം ജനങ്ങള്‍ക്ക് ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് പുതിയ പരിഷ്കാരങ്ങള്‍ കൊണ്ടു വന്നിരിക്കുന്നതെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

Tags:    

Similar News